വടകര താലൂക്കില്‍ റേഷന്‍ തോത് പ്രസിദ്ധപ്പെടുത്തിയില്ല

Posted on: September 27, 2013 6:05 am | Last updated: September 27, 2013 at 8:05 am

വടകര: താലൂക്കിലെ ഈ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണ തോത് സംബന്ധിച്ച കാര്യങ്ങളുടെ അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപം. ഈ മാസത്തെ താലൂക്ക് വികസന സമിതി യോഗത്തിലാണ് വിവിധ വിഭാഗം റേഷന്‍ ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര, ആട്ട എന്നിവയുടെ തോത് മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്.

നേരത്തെ ഇത് പ്രസിദ്ധീകരിക്കുന്ന പതിവുണ്ടെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസം അവസാനിക്കാറായിട്ടും നടപടിയുണ്ടായിട്ടില്ല. ചില റേഷന്‍ കട ഉടമകളും സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് തോത് പ്രസിദ്ധീകരിക്കാത്തതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
പല റേഷന്‍ കടകളിലും തോന്നിയ പോലെ റേഷന്‍ വിതരണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.