Connect with us

Kozhikode

കൂടുതല്‍ പേരെ കുടുക്കി ഹെല്‍മറ്റ് പരിശോധ തുടരുന്നു

Published

|

Last Updated

പേരാമ്പ്ര: ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതോടെ ഇന്നലെ 50ലേറെ ഇരുചക്രവാഹനങ്ങള്‍ പോലീസിന്റെ പിടിയിലായി. സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പേരാമ്പ്ര സി ഐ. വി വി ലതീഷ്, എസ് ഐ. കെ ടി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബുധനാഴ്ച പിടിയിലായ 15 മോട്ടോര്‍ ബൈക്കുകള്‍ ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി സി ഐ അറിയിച്ചു. ഇന്നലെ പോലീസ് ഹെല്‍മറ്റ് പരിശോധനയുടെ ഭാഗമായി പിടികൂടിയവയില്‍ 40 വാഹനങ്ങള്‍ ഓടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു. ഹെല്‍മറ്റ് സംബന്ധമല്ലാത്ത കേസുകളുമായി ബന്ധപ്പെട്ട ഏതാനും മോട്ടോര്‍ ബൈക്കുകള്‍ പിഴയടപ്പിച്ചശേഷം പോലീസ് വിട്ടുകൊടുത്തു. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കിയ സാഹചര്യത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കുന്നവര്‍ മുഖേന പിടിയിലായ മോട്ടോര്‍ ബൈക്കുകള്‍ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഹെല്‍മറ്റും മോഷണമുതല്‍

പേരാമ്പ്ര: പോലീസ് ഹെല്‍മറ്റ് പരിശോധന ഊര്‍ജിതമാക്കിയതോടെ ഹെല്‍മറ്റ് മോഷണവും വ്യാപകമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരു പോലീസുകരന്റെതുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴ് ഹെ ല്‍ മറ്റുകള്‍ മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.പേരാമ്പ്ര ട്രാഫിക് സ്റ്റേഷന് സമീപം നിര്‍ത്തിയ മോട്ടോര്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട പോലീസുകാരന്‍ പ്രദീപന്റെ ഹെല്‍മറ്റാണ് കഴിഞ്ഞ ദിവസം ഏതോ വിരുതന്‍ അടിച്ചുമാറ്റിയത്. നടുവണ്ണൂരിലെ പരപ്പില്‍ ഹമീദിന്റെ ബൈക്കിന് മുകളില്‍ സൂക്ഷിച്ച ഹെല്‍മറ്റ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയുടെ കോമ്പൗണ്ടില്‍ നിന്നാണ് നഷ്ടപെട്ടത്. ബുധനാഴ്ച രാത്രി മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുരുടിമുക്കിന് സമീപം ബൈക്ക് വഴിയില്‍ വെച്ച ബന്ധുവീട്ടില്‍ പോയ പി കുഞ്ഞായന്‍ തിരിച്ചുവരുമ്പോഴേക്കും മോട്ടോര്‍ ബൈക്കി ല്‍ സൂക്ഷിച്ച ഹെല്‍മറ്റ് കളവ് പോയി. നേരത്തെ ബൈക്കില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നവര്‍ ഇവ പെട്ടെന്ന് കവര്‍ന്നെടുക്കാന്‍ കഴിയാത്ത വിധം പൂട്ടിയിടുന്ന ശീലമുണ്ടായിരുന്നുവെങ്കിലും അടുത്തകാലത്തായി ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കാത്തതാണ് മോഷ്ടാക്കള്‍ ഉപയോഗപ്പെടുത്തുന്നത്.

കച്ചവടം പൊടിപൊടിക്കുന്നു
നാദാപുരം: ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതോടെ കടകളില്‍ ഹെല്‍മറ്റ് വില്‍പ്പന തകൃതി. പലയിടത്തും സ്റ്റോക്ക് തീര്‍ന്നതിനാല്‍ ഹെല്‍മറ്റിന് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി 20 മുതല്‍ 50 വരെ ഹെല്‍മറ്റുകള്‍ കടകളില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് നാദാപുരം പാരീസ് ആക്‌സസറീസ് ഉടമ ഹരിദാസ് പറയുന്നു.

ഐ എസ് ഐ മാര്‍ക്കുള്ള ഹെല്‍മറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നതിനാല്‍ അല്ലാത്തവ കെട്ടിക്കിടക്കുകയാണ്. ഐ എസ് ഐ മുദ്രയുള്ള ഹെല്‍മറ്റിനാവട്ടെ ഇപ്പോള്‍ വന്‍ വിലയാണ് ഈടാക്കുന്നത്. 600 മുതല്‍ 1500 രൂപ വരെയാണ് ഒരു ഹെല്‍മറ്റിന്റെ ഇപ്പോഴത്തെ വില.
നേരത്തെ ഇത് 400 മുതല്‍ 1000 വരെയായിരുന്നു. സ്റ്റോക്ക് തീര്‍ന്നത് കാരണം ബൈക്ക് യാത്രികര്‍ കോഴിക്കോടും മറ്റും പോയാണ് ഹെല്‍മറ്റ് വാങ്ങിക്കുന്നതെന്നും നാദാപുരത്തെ കച്ചവടക്കാര്‍ പറഞ്ഞു.