സീറോ ലാന്റ്‌ലസ് പദ്ധതി: ചാത്തങ്ങോട്ട് പുറത്ത് റോഡിനുള്ള സ്ഥലം വിട്ടുനല്‍കി

Posted on: September 27, 2013 7:00 am | Last updated: September 27, 2013 at 7:58 am

വണ്ടൂര്‍: ഭൂരഹിതരായ ജനങ്ങള്‍ക്ക് ഭൂമി നല്‍കുന്ന സര്‍ക്കാറിന്റെ പദ്ധതിയായ സീറോ ലാന്റ്‌ലസ് പദ്ധതിപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്ന് റോഡിനുള്ള സ്ഥലം വിട്ടു നല്‍കി. ഇതിന്റെ ഭാഗമായ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പ്രദേശം സന്ദര്‍ശിച്ച് ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി.
റവന്യു വകുപ്പ് അധികൃര്‍ പ്രദേശത്തെ റോഡ് ഉള്‍പ്പടെയുള്ള സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ പോരൂര്‍ പഞ്ചായത്ത് ഭരണ സമിതി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പോരൂര്‍ പഞ്ചായത്തിലെ ചാത്തങ്ങോട്ടുപുറത്ത് 50 ലേറെ കുടുംബങ്ങള്‍ക്കാണ് സീറോ ലാന്റ് ലസ് പദ്ധതി പ്രകാരം ഭൂമി നല്‍കുന്നത്. മൂന്ന് സെന്റ് വീതമാണ് വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കുക.
കഴിഞ്ഞ 13 താലൂക്ക് സര്‍വെയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് അളന്ന്തിട്ടപ്പെടുത്തിയിരുന്നു. ചാത്തങ്ങോട്ടുപുറം താലപ്പൊലിപറമ്പ്, കല്ലട ഭാഗത്തെ സര്‍ക്കാര്‍ മിച്ചഭൂമിയാണ് പതിച്ചു നല്‍കുന്നത്. താലപ്പൊലിപറമ്പ്-കല്ലട-എരഞ്ഞിക്കുന്ന് റോഡരുകിലുള്ള 75 സെന്റ് സ്ഥലത്തും പ്രദേശത്തെ അങ്കണ്‍വാടിക്ക് പിറകുവശത്തുള്ള ഒരു ഏക്കര്‍ മിച്ചഭൂമിയുമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഓരോ കുടുംബങ്ങള്‍ക്കുമായി സ്ഥലം വേര്‍തിരിച്ചിരുന്നു.
എന്നാല്‍ അളവ് പൂര്‍ത്തിയായപ്പോള്‍ പഞ്ചായത്ത് റോഡുകൂടി ഉള്‍പ്പെടുത്തിയാണ് തൂണുകള്‍ സ്ഥാപിച്ചത്. ഇതോടെ റോഡിന്റെ വീതി രണ്ട് മീറ്ററോളം ചുരുങ്ങിയിരുന്നു. മിച്ച ഭൂമി വരെയുള്ള ഭാഗം വരെ ടാര്‍ ചെയ്തിട്ടുമുണ്ട്. തുടര്‍ന്നുള്ള ഭാഗം ടാര്‍ ചെയ്യാന്‍ റോഡിന്റെ വീതിക്കുറവ് പ്രശ്‌നമാകുമെന്ന് മനസ്സിലാക്കിയാണ് പഞ്ചായത്ത് കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍, നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍, സര്‍വെയര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പുനര്‍നിര്‍ണയം നടത്തി.
നേരത്തെ വീടുകളിലേക്കായി രണ്ടു വഴികളാണ് നിചപ്പെടുത്തിയിരുന്നത്. ഇതിന് പകരം എല്ലാ വീടുകളിലേക്കും എത്തിച്ചേരാനാകും വിധത്തില്‍ പൊതുവായുള്ള സ്ഥലം അളന്നതിട്ടപ്പെടുത്തി. അടുത്ത മാസം പതിനൊന്നിന് ശേഷം വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടക്കം കുറിച്ചേക്കും. വില്ലേജ് ഓഫീസര്‍ പ്രമോദ്, വാര്‍ഡ് മെമ്പര്‍ ജ്യോതി തുടങ്ങിയവരും റവന്യു സംഘത്തിലുണ്ടായിരുന്നു.