Connect with us

Articles

ക്യൂ മന്ത്രിക്ക് കൂയ്, കൂയ്, കൂയ്....

Published

|

Last Updated

നമ്മുടെ ഒരു മന്ത്രി. നല്ല മനുഷ്യനെ നാല് കാലിലാക്കുന്ന വകുപ്പിന്റെ തന്ത്രി. ഇക്കഴിഞ്ഞ ഓണക്കാലത്ത് പറഞ്ഞു. കഷ്ടപ്പാട് കണ്ട് നെഞ്ചുരുകി കരഞ്ഞതു പോലെ ഒരുഗ്രന്‍ പ്രഖ്യാപനമാണ്. വിലക്കയറ്റം നിയന്ത്രിക്കുമെന്നോ വയല്‍ നികത്തല്‍ തടയുമെന്നോ അഴിമതിക്കെതിരെ പടപൊരുതുമെന്നോ ഒന്നുമല്ല. കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നുമല്ല.
പക്ഷേ, മറ്റേ കുടിവെള്ളത്തിന്റെ കാര്യമാണ്. കുപ്പി വാങ്ങാനെത്തുന്ന വികലാംഗര്‍ക്ക് പ്രത്യേക ക്യു ഏര്‍പ്പെടുത്തുമെന്നാണ് ഓണം ഓഫറായി മാലോകര്‍ക്ക് നല്‍കിയത്.
ബുദ്ധിമുട്ടി, കഷ്ടപ്പെട്ട്, പ്രയാസപ്പെട്ട് ഇത്തിരി വെള്ളം കുടിക്കാനെത്തുന്ന വികലാംഗരേ, നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനി പ്രത്യേക ക്യൂവില്‍ നിന്ന് നല്ല ബോധം നഷ്ടപ്പെടുത്തുന്ന ഇവനെ വാങ്ങി കഴിക്കാം. വീഴുന്നത് ക്യൂവിന് പുറത്തായാലും അകത്തായാലും പ്രശ്‌നമില്ല. വാങ്ങുന്നത് വരെയുള്ള കാര്യമേ സര്‍ക്കാറിന് നോക്കാനാകൂ. വാങ്ങിക്കഴിഞ്ഞാല്‍ അവന്‍ എന്തായാലും പ്രശ്‌നമില്ല. നമുക്കും കിട്ടണം പണം. സാധനം കൊടുക്കണം. പിന്നെ വീണാലെന്ത്, നാല് കാലിലായാലെന്ത്?
വികലാംഗര്‍ ക്യൂ ഇല്ലാത്തതു കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് ഇത് കേട്ടാല്‍ തോന്നുക. ആകെ ഒരു ക്യൂവിന്റെ കുറവേ വികലാംഗര്‍ക്കുള്ളൂ. ബാക്കിയൊക്കെ സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞു എന്നാണ്.
ക്യൂവിന്റെ കാര്യം പറയുമ്പോഴാണ് ഓര്‍മ വന്നത്. കേരളം ഏറെ നാളായി ക്യൂവിലാണല്ലോ. റേഷന്‍ കടയില്‍ നീണ്ട ക്യൂ, മാവേലി സ്റ്റോറില്‍ മഹാ ക്യൂ,
ആധാറിനു വേണ്ടി വഴിനീളെ ക്യൂ, കറണ്ടോഫീസില്‍ ഷോക്കടിപ്പിക്കുന്ന ക്യൂ…ഇതാ ഇനി പുതിയ ക്യൂ. മദ്യം വാങ്ങാനെത്തുന്ന വികലാംഗര്‍ക്ക് ഒന്നാന്തരം ക്യൂ. അടുത്ത വര്‍ഷം ബി പി എല്ലുകാര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയാല്‍ നന്ന്. പിന്നെ സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ക്യൂ. പറ്റുമെങ്കില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്കുമാകാം ക്യൂ. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ക്യൂ ഇല്ലാത്ത ആരുമുണ്ടാകരുത് നമ്മുടെ നാട്ടില്‍. വേണമെങ്കില്‍ ഒരു ക്യൂ മന്ത്രിയെയും നിയമിക്കാം.
ഒന്നാലോചിച്ചു നോക്കൂ. ഈ നാട്ടുകാരെ ക്യൂവില്‍ നിര്‍ത്തി ഇങ്ങനെ കഷ്ടപ്പെടുത്തണോ? കിറ്റുകളുടെ കാലമല്ലേ ഇത്. വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം ഇവനേയും കൊടുത്താല്‍ പോരേ? ചിലര്‍ക്ക് കലിയിളകിയേക്കാം. കിറ്റില്‍ മദ്യം കൊടുക്കാനോ? മദ്യം കിട്ടാത്ത ഏതെങ്കിലും ഓണംകേറാമൂല നമ്മുടെ നാട്ടിലുണ്ടോ? കുടിവെള്ളത്തിന് ക്ഷാമമുണ്ടെങ്കിലും ഈ കുടിവെള്ളത്തിന് എള്ളോളമില്ല ക്ഷാമം. സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി വേണ്ടിടത്തെല്ലാം എത്തിക്കുകയാണ്.
മദ്യം എല്ലാവര്‍ക്കും എത്തിക്കാന്‍ നാട്ടുകാര്‍ക്കുമുണ്ട് പല വഴികള്‍. നാട്ടിലെ മാര്‍ക്കറ്റിലേക്ക് വരിക. വൈകുന്നേരമായാല്‍ കുടിക്കാനായി കുറേ പേര്‍. ഒരു ഫുള്‍ ബോട്ടില്‍ വാങ്ങാന്‍ കാശില്ല. അപ്പോള്‍ നാലഞ്ച് പേര്‍ കമ്പനിയാകുന്നു. ഒരു കുപ്പി നാലാള്‍ക്ക്. ഷെയര്‍. ഇതാണത്രേ നാട്ടിന്‍പുറത്തെ ഷെയര്‍ മാര്‍ക്കറ്റ്!
നമ്മുടെ മന്ത്രിയെ സമ്മതിക്കണം. വികലാംഗരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നോ, അവരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നോ എന്നല്ല ഓണക്കാലത്തെ പ്രഖ്യാപനം. കുടിവെള്ളത്തിനായി എത്തുന്നവര്‍ക്ക് പ്രത്യേക ക്യൂ എന്നാണ്.
ഇത് കേട്ട് നാട്ടുകാര്‍ തുടങ്ങി, കൂയ്…കൂയ്…കൂയ്.

Latest