സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയില്‍ നിന്ന് എസ് പി സുനില്‍ ജേക്കബിനെ മാറ്റി

Posted on: September 26, 2013 7:50 pm | Last updated: September 26, 2013 at 7:50 pm

sunil jacobതിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫയാസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന എസ് പി സുനില്‍ ജേക്കബിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. എ ഡി ജി പി സെന്‍കുമാറിന്റ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

ഫയാസുമായുള്ള സുനില്‍ ജേക്കബിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ജി പി കെ.എസ്. ബാലസുബ്രഹ്മണ്യം സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഫയാസിന്റെ വിദേശനിര്‍മിത ബൈക്കില്‍ സുനില്‍ ജേക്കബ് ഇരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടത്.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഫയാസിനെതിരേ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് സുനില്‍ ജേക്കബ് ഫയാസുമായി അടുത്തതെന്നാണ് സൂചന. സോളാര്‍ കേസുമായി ബന്ധപ്പെട്ടും സുനില്‍ ജേക്കബിനെതിരേ അന്വേഷണം നടന്നിരുന്നു. സരിതാ നായരുടെ ഫോണ്‍ ലിസ്റ്റ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പങ്കും നേരത്തേ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചിരുന്നു.