Connect with us

Wayanad

നീലഗിരി വനമേഖലയില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി വനമേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. മസിനഗുഡി വനമേഖലയിലെ ആറ്റിങ്കര വനത്തില്‍ വിദേശ സഞ്ചാരിയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. കാട്ടാനയുടെ ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുതുമല വന്യജീവി സങ്കേതത്തിലെ സീഗൂര്‍, ശിങ്കാര വനമേഖലകള്‍ ഉള്‍പ്പെടെയുള്ള വനത്തില്‍ നിരീക്ഷണം നടത്തുന്നതിന് റൈഞ്ചറുടെ നേതൃത്വത്തിലുള്ള സമിതിയെ നിശ്ചയിക്കുമെന്ന് ഉന്നത വനംവകുപ്പ് ഓഫീസര്‍ സുഗീന്ദര്‍രാജ് ഗോവില്‍ പിള്ളൈ അറിയിച്ചു. വനമേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കുക, വന്യജീവികളെ ശല്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും. മാവനല്ല, വാഴത്തോട്ടം, ബൊക്കാപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പിന്റെ പെട്രോളിംഗ് സംഘം 24 മണിക്കൂറും റോന്ത് ചുറ്റും. പ്രസ്തുത വിഷയങ്ങളെ സംബന്ധിച്ച് സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നതിന് പ്രത്യേക ബാനറുകളും ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കും. കഴിഞ്ഞ ഒരുമാസത്തിനിടെ വന്യജീവികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് സഞ്ചാരികളുടെമേല്‍ 28 കേസുകളാണ് എടുത്തിരുന്നത്. വിവിധ വിഷയങ്ങളില്‍ 85,000 രൂപ പിഴയും ഈടാക്കിയിരുന്നു. നിയമം ലംഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

Latest