ജില്ലയിലേക്ക് പാന്‍ ഉത്പന്നങ്ങള്‍ യഥേഷ്ടം ഒഴുകുന്നു

Posted on: September 26, 2013 5:33 am | Last updated: September 26, 2013 at 7:34 am

കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് നിരോധിക്കപ്പെട്ട പാന്‍ ഉത്പന്നങ്ങള്‍ യഥേഷ്ടം ഒഴുകുന്നു. ട്രെയിനുകളിലും രാത്രികാലങ്ങളിലുള്ള അന്തര്‍ സംസ്ഥാന ബസുകളിലുമായാണ് പാന്‍ ഉത്പന്നങ്ങള്‍ കൂടുതലായി എത്തുന്നത്. ചില കച്ചവടക്കാരുടെ ഒത്താശയോടെ അന്യ സംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും ഇവ കടത്തിക്കൊണ്ടുവരുന്നത്. ബസുകളില്‍ വരുന്ന പാഴ്‌സലുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൊന്നും കാര്യമായ പരിശോധന നടത്താത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്. പാന്‍ ഉത്പന്നങ്ങളാണെന്ന് അറിഞ്ഞിട്ടും ഇവ കടത്തുന്നത് തടയാതെ കൂടുതല്‍ ചാര്‍ജ് ലഭിക്കുമെന്നതിനാല്‍ ചില ബസ് ഉടമകള്‍ മൗനം പാലിക്കുന്നതായും ആരോപണമുണ്ട്. കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രക്കുകളിലും ഇവ ഒളിപ്പിച്ച് കടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം നഗരത്തിലെ പാളയം ഭാഗത്ത് നിന്ന് പിടിച്ചെടുത്ത ഒരു ലക്ഷം രൂപയുടെ പാന്‍ ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍ നിന്ന് ബസ് മാര്‍ഗം എത്തിച്ചതായിരുന്നു. പാളയം പച്ചക്കറി മാര്‍ക്കറ്റിന് കിഴക്ക് ഭാഗത്തുള്ള ലോഡ്ജിന് മുകളിലുള്ള മുറിയില്‍ നിന്നാണ് 35 കിലോ വരുന്ന നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ പിടികൂടിയത്. കര്‍ണാടകയിലെ ബംഗളൂരു, ഗുണ്ടല്‍പേട്ട, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വ്യാപകമായി പാന്‍ ഉത്പന്നങ്ങള്‍ എത്തുന്നത്. പാന്‍പരാഗ്, മധു, ചൈനി കൈനി, കൂള്‍, ഹാന്‍സ് തുടങ്ങിയ ഉത്പന്നങ്ങളാണ് കൂടുതലായി എത്തുന്നത്.
പോലീസും ആരോഗ്യ വിഭാഗവും പരിശോധന നടത്തുന്നുണ്ടെങ്കിലും വില്‍പ്പനക്ക് ഒരു കുറവുമില്ല. ഏതെങ്കിലും കടയില്‍ പരിശോധന നടന്നാല്‍, കുറച്ച് ദിവസത്തേക്ക് വില്‍പ്പന നിര്‍ത്തിവെച്ച് വീണ്ടും സജീവമാകുകയാണ് പതിവ്. വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പാന്‍ ഉത്പന്നങ്ങള്‍ വില്‍പ്പനക്കെത്തുന്നത്.
മൂന്നും അഞ്ചൂം രൂപയുടെ വിലയുള്ള പാന്‍ ഉത്പന്നങ്ങള്‍ പലതും 20ഉം 25ഉം രൂപക്കാണ് കടക്കാര്‍ വില്‍പ്പന നടത്തുന്നത്. വില്‍പ്പന അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് കച്ചവടക്കാരില്‍ പലര്‍ക്കും അറിയാമെങ്കിലും വലിയ ലാഭം ഇവരെ വില്‍പ്പനക്ക് പ്രേരിപ്പിക്കുന്നു. കടയുടെ ഏതെങ്കിലും മൂലയില്‍ ഒളിപ്പിച്ചു വെച്ച് പരിചയക്കാരും സ്ഥിരം ഉപഭോക്താക്കളുമായ ആളുകള്‍ വരുമ്പോള്‍ മാത്രമാണ് നല്‍കുക. ചില കച്ചവടക്കാര്‍ കടയില്‍ വെക്കാതെ അടിവസ്ത്രത്തിലും മറ്റും ഒളിപ്പിച്ച് വെച്ചും വില്‍പ്പന നടത്തുന്നുണ്ട്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന ഇപ്പോഴും സജീവമാണ്. നഗരത്തിലെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ചില്ലറ വില്‍പ്പനക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. ഇതാണ് വളരെ കൂടിയ വിലക്ക് വില്‍പ്പന നടത്തുന്നത്. ഒരു പേക്കറ്റ് ഹന്‍സിന് ഇരുപത്തഞ്ച് രൂപ വരെ ചില്ലറ കച്ചവടക്കാര്‍ ഈടാക്കുന്നുണ്ട്. നൂറ് കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ കോഴിക്കോട് നഗരത്തില്‍ മാത്രം വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്.
നിര്‍മാണ മേഖലയിലും മറ്റും പണിയെടുക്കുന്ന ഇവര്‍ക്ക് പാന്‍ ഉത്പന്നങ്ങള്‍ കൂടിയേ തീരുവെന്ന് കടക്കാര്‍ തന്നെ പറയുന്നു. ഇതിനാല്‍ എത്ര തുക ചോദിച്ചാലും വാങ്ങാന്‍ ഇവര്‍ തയ്യാറാണെന്ന് കടക്കാര്‍ പറയുന്നു.