ഹോട്ടലിലെ ചീഫ് കുക്കിന് കുത്തേറ്റു; ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

Posted on: September 26, 2013 6:29 am | Last updated: September 26, 2013 at 7:30 am

തിരൂര്‍: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ ചീഫ്കുക്കായി പ്രവര്‍ത്തിക്കുന്ന യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ ജീവനക്കാരായ രണ്ട് ബംഗാള്‍ സ്വദേശികളെ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
താഴെപ്പാലം സബ്ഖ ഹോട്ടലിന് മുകളില്‍ തൊഴിലാളികള്‍ ഉറങ്ങുന്ന റൂമില്‍ വെച്ചാണ് ഹോട്ടലിലെ ചീഫ് കുക്കായ എടക്കര മൂത്തേടം നമ്പൂരിപ്പൊടി വാസു(32) വിന് കുത്തേറ്റത്. തൊട്ടടുത്ത റൂമിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശികളായ ശമീര്‍, റഹീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പണത്തിനായാണ് അക്രമം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വാസു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെപ്പറ്റി കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതേസമയം തങ്ങളല്ല വാസുവിനെ കുത്തിയതെന്നും മുഖം മൂടിയിട്ട സംഘം എത്തിയപ്പോള്‍ തങ്ങള്‍ തടയുകയാണുണ്ടായതെന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത ബംഗാളികള്‍ പറയുന്നത്. എന്നാല്‍ ആക്രമത്തിന് പിന്നില്‍ വധശ്രമം തന്നെയാണ് അക്രമികള്‍ ലക്ഷ്യമിട്ടിരുന്നത്. മുകളിലുള്ള മറ്റെല്ലാ റൂമുകളും പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഹോട്ടലിലെ പണം സൂക്ഷിക്കുന്നയാളാണ് വാസു.