Connect with us

Malappuram

മങ്കട ഗവ.കോളജ് നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Published

|

Last Updated

കൊളത്തൂര്‍: ഏറെ കാലത്തെ അഭിലാഷമായിരുന്ന ഗവ.കോളജ് യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മങ്കട നിയോജക മണ്ഡലത്തിലെ ജനങ്ങള്‍. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാന്‍ നാടൊരുങ്ങി.
നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി കെ അബ്ദുര്‍റബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി എം അലി മുഖ്യാതിഥിയായിരിക്കും. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ സ്വാഗതമാശംസിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കെ പി എ മജീദ്, അഡ്വ.നാലകത്ത് സൂപ്പി, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം അബ്രഹാം, ജില്ലാ കലക്ടര്‍ കെ ബിജു, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി കെ വേലായുധന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍, പി കെ അബൂബക്കര്‍ഹാജി, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംബന്ധിക്കും.
സംസ്ഥാനത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഇല്ലാത്ത നിയോജക മണ്ഡലങ്ങളില്‍ പുതുതായി കോളജ് ആരംഭിക്കുമെന്ന് 2013-14 വര്‍ഷത്തെ ബജറ്റിന്റെ ഭാഗമായാണ് കോളജ് അനുവദിച്ചത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ ജംഗ്ഷനിലെ താത്കാലിക കെട്ടിടത്തിലാണ് ഈ വര്‍ഷത്തെ ക്ലാസുകള്‍ നടക്കുക. മൂര്‍ക്കനാട് പഞ്ചായത്തിലാണ് കോളജ് സ്ഥാപിക്കുന്നത്. അഞ്ച് ഏക്കര്‍ സ്ഥലം ഇതിനായി പഞ്ചായത്ത് സൗജന്യമായി നല്‍കിയിട്ടുണ്ട്. ഭൂമി കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നു. ബി എ ഇംഗ്ലീഷ്, എകണോമിക്‌സ്, ഹിസ്റ്ററി, ബി എസ് സി മാത്‌സ്, സൈക്കോളജി, ബി എ, ബി കോം എന്നീ പ്രധാനപ്പെട്ട കോഴ്‌സുകള്‍ ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങാന്‍ കഴിഞ്ഞത് പ്രത്യേക നേട്ടമാണ്. ബി എസ് സി സൈക്കോളജി ജില്ലയില്‍ തന്നെ ആദ്യത്തെ കോഴ്‌സാണ്.

---- facebook comment plugin here -----

Latest