Connect with us

Malappuram

വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സ: ഡയാലിസിസ് യൂനിറ്റുകള്‍ സജ്ജമായി

Published

|

Last Updated

മലപ്പുറം: ജില്ലയിലെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമായി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. ജില്ലയിലെ എം എല്‍ എമാര്‍, എം പിമാര്‍, ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവരെ സൊസൈറ്റി ഇതിനായി സമീപിക്കുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ് 80 ലക്ഷം രൂപ നാല് ഡയാലിസിസ് യൂനിറ്റുകള്‍ക്കായി അനുവദിച്ച് ആദ്യമായി മുന്നോട്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളില്‍ തിരൂര്‍ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള യൂനിറ്റ് ഈമാസം 28ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രഗ്രാമ വികസന മന്ത്രി ജയറാം രമേശാണ് രാവിലെ 10.30ന് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.
തിരൂരിലെ ഡയാലിസിസ് യൂനിറ്റിന് 125 ലക്ഷത്തോളം രൂപയാണ് ചെലവ്. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഫണ്ടില്‍ നിന്ന് 20 ലക്ഷം, സി മമ്മുട്ടി എം എല്‍ എ ഫണ്ടില്‍ നിന്ന് 15 ലക്ഷം, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ടി എ അഹമ്മദ്കബീര്‍ എം എല്‍ എ യഥാക്രമം പത്തു ലക്ഷവും ആറ് ലക്ഷവും അനുവദിച്ചു. ജില്ലാ പഞ്ചായത്തും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസാറ്റിയും കൂടി അനുവദിച്ച 72 ലക്ഷം രൂപയും കൂട്ടി സംയോജിപ്പിച്ചാണ് ഡയാലിസിസ് യൂനിറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണയിലെ റാഡോപോള്‍ കിഡ്‌നി സൊസൈറ്റിക്ക് സംഭാവനയായി പ്രഖ്യാപിച്ച പത്ത് ഡയാലിസിസ് മെഷീനുകളില്‍ രണ്ടെണ്ണം തിരൂരങ്ങാടിയിലാണ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് നാല് ഡയാലിസിസ് മെഷീനുകളും ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഫണ്ടില്‍ നിന്ന് മൂന്ന് മെഷീനുകളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ ഫണ്ടില്‍ നിന്ന് രണ്ട് മെഷീനുകളും ടി എ അഹമ്മദ് കബീര്‍ എം എല്‍ എ നല്‍കുന്ന ഒരു മെഷീനുമാണ് പ്രാരംഭത്തില്‍ ഈ യൂനിറ്റില്‍ സ്ഥാപിക്കുക.
തിരൂര്‍ താലൂക്കില്‍ നിന്നുള്ള ഏറ്റവും പാവപ്പെട്ട വൃക്ക രോഗികള്‍ക്കാണ് ഈ യൂനിറ്റില്‍ ആദ്യ പരിഗണന നല്‍കുക. രണ്ട് ഷിഫ്റ്റുകളിലായി 60 രോഗികള്‍ക്കാണ് ഇവിടെ ചികിത്സക്ക് സൗകര്യം ലഭിക്കുക. പാവപ്പെട്ട രോഗികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് അവരുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വിശദമായ പരിശോധനയും അന്വേഷണവും നടത്തിയ ശേഷമാണ് ഏറ്റവും പാവപ്പെട്ട രോഗികളുടെ പ്രോയോറിറ്റി ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നല്‍കുക. ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികളോട് ചേര്‍ന്നുള്ള ഡയാലിസിസ് യൂനിറ്റുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഒക്‌ടോബറില്‍ ഇത് രണ്ടും ഉദ്ഘാടനം ചെയ്യും.
പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി 20 ലക്ഷം രൂപയും പൊന്നാനി മുനിസിപ്പാലിറ്റിയുടെ 16 ലക്ഷം രൂപയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൊറ്റിയുടെ 35 ലക്ഷം രൂപയും സംയോജിപ്പിച്ചാണ് യൂനിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ 12 ലക്ഷം രൂപ ഡയാലിസിസ് മെഷീന് വേണ്ടി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. റാഡോപോള്‍ ജില്ലാ കിഡ്‌നി സൊസൈറ്റിക്ക് അനുവദിച്ച മെഷീനുകളില്‍ രണ്ടെണ്ണം പൊന്നാനി യൂനിറ്റില്‍ സ്ഥാപിക്കും. പൊന്നാനി മണ്ഡലം ദുബൈ കെ എം സി സിയും ഒരു മെഷീന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊന്നാനി താലൂക്കില്‍ നിന്നുള്ള രോഗികളെയാണ് ആദ്യമായി ഈ യൂനിറ്റിലേക്ക് പരിഗണിക്കുക. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള ഡയാലിസിസ് യൂനിറ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി. മെഷീനുകള്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ അടുത്ത മാസം രണ്ടാം വാരത്തില്‍ ഉദ്ഘാടനം നടത്താനാകും.
ഇവിടെ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം നടത്തിയിട്ടുള്ളത്. മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ പ്രാദേശിക വികസന ഫണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത്, കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവരുടെ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് തിരൂരങ്ങാടി ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്.

Latest