കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 450 കോടി രൂപ

Posted on: September 26, 2013 6:48 am | Last updated: September 26, 2013 at 1:51 am

KSRTC-LOGOപാലക്കാട്: സൗജന്യ യാത്ര അനുവദിച്ചതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കാനുള്ളത് 450 കോടി രൂപ. വിവിധ വിഭാഗത്തില്‍പ്പെട്ട പൗരന്‍മാര്‍ക്ക് അനുവദിച്ച യാത്രാ സൗജന്യങ്ങളുടെ കുടിശ്ശികയാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യ യാത്ര അനുവദിച്ചതിന്റെ തുക നല്‍കിയിട്ടില്ല. 2007-2008 വര്‍ഷത്തില്‍ 71.92 കോടിയും 2008-09ല്‍ 72. 75 കോടിയും 2009-10ല്‍ 88. 76 കോടിയും 2010-11ല്‍ 92. 50 കോടിയും കുടിശ്ശിക നല്‍കാനുണ്ട്. കൂടാതെ വിദ്യാര്‍ഥികളുടെ യാത്രക്കുള്ള കണ്‍സെഷന്‍ ഇനത്തില്‍ 33.88 കോടിയും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള സൗജന്യ യാത്രയില്‍ 27 കോടിയും ബധിരര്‍ക്കും മൂകര്‍ക്കുമുള്ള യാത്രക്ക് 20 കോടിയും അന്ധര്‍ക്ക് 101 കോടിയും വികലാംഗര്‍ക്ക് 260 കോടിയും എം പി, എം എല്‍ എ, മുന്‍ എം പി, എം എല്‍ എ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സൗജന്യ യാത്രക്ക് 2.57 കോടിയുമാണ് നല്‍കാനുള്ളത്.
കഴിഞ്ഞ ബജറ്റില്‍ കെ എസ് ആര്‍ ടി സിക്കായി 286 കോടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 28 കോടി മാത്രമാണ് ലഭിച്ചത്. കുടിശ്ശിക വന്ന തുക സമയാസമയം ലഭിച്ചിരുന്നുവെങ്കില്‍ പ്രതിസന്ധി ഒരു പരിധി വരെ തീര്‍ക്കാന്‍ കഴിയുമായിരുന്നെന്ന് കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി സംഘടനകളും ഉദ്യോഗസ്ഥരും പറയുന്നു. കെ എസ് —ആര്‍ ടി സിയിലെ പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ സ്വകാര്യ ബസ് ലോബികളെ സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസ് വെട്ടിക്കുറച്ച ദേശസാത്കൃത റൂട്ടുകളിലടക്കം സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ താത്കാലിക പെര്‍മിറ്റ് നല്‍കുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. —
പാലക്കാട്, വയനാട്, മംഗലാപുരം- കാസര്‍കോട്, കാസര്‍കോട് -കണ്ണൂര്‍ തുടങ്ങിയ മലബാറിലെ പ്രധാന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് താത്കാലിക സര്‍വീസിനുള്ള പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. ലാഭകരമായ റൂട്ടുകളില്‍ കടന്നുകയറാനുള്ള സ്വകാര്യ ബസ് ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പറയുന്നു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാനായി പലയിടത്തും സ്ഥാപിച്ച ടൈം ചെക്കിംഗ് പോയിന്റുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിന് പിന്നിലും ലോബിയുടെ സമ്മര്‍ദമാണ്. സ്വകാര്യ ബസുകള്‍ എല്ലാ വേഗ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ കുതിച്ചുപായുന്നത്. 25ഓളം ബസുകള്‍ക്കാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ താത്കാലിക പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. 100ഓളം ബസുകള്‍ താത്കാലിക പെര്‍മിറ്റുകള്‍ക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മറുഭാഗത്ത് തകര്‍ക്കാനുളള നീക്കവും നടക്കുകയാണ്. ഇതിനെതിരെ കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.