വൈ എസ് ആര്‍ കോണ്‍ഗ്രസിനെയും ടി ആര്‍ എസിനെയും കൂട്ടുപിടിച്ച് ആന്ധ്ര ‘കൈ’യടക്കാന്‍ കോണ്‍ഗ്രസ്‌

Posted on: September 26, 2013 1:30 am | Last updated: September 26, 2013 at 1:30 am

congressഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തെലങ്കാനയിലെയും സീമാന്ധ്രയിലെയും ലോക്‌സഭാ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ്. തെലങ്കാനയില്‍ ടി ആര്‍ എസിനെയും സീമാന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് ഇരു മേഖലകളിലും പ്രധാന പ്രതിപക്ഷമായ ടി ഡി പിയെ ഒറ്റപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
സംസ്ഥാനത്തെ പ്രതിയോഗികളെ നിഷ്പ്രഭമാക്കാനാണ് മാസങ്ങള്‍ക്ക് മുമ്പ് തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് യു പി എ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന വിഭജനം ഇരു മേഖലകളിലും വൈകാരിക പ്രശ്‌നമായി മാറിയ പശ്ചാത്തലത്തില്‍ വിഭജനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാനാകാതെ കുഴങ്ങുകയാണ് ടി ഡി പി. ഈ സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇരു മേഖലകളിലും ടി ഡി പിയുടെ ജനപിന്തുണ തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് ഊഹിക്കുന്നു. നേരത്തെ വിഭജനം ആവശ്യപ്പെട്ട് ടി ഡി പി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ വിഭജനവിരുദ്ധ നിലപാടാണുള്ളത്. ഇത് തെലങ്കാനയിലെ പാര്‍ട്ടി അനുയായികളെ രോഷം കൊള്ളിച്ചിട്ടുണ്ടെങ്കിലും സീമാന്ധ്രയില്‍ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, ഐക്യആന്ധ്രാ പ്രക്ഷോഭം ശക്തമാക്കി വന്‍ ജനപിന്തുണ ആര്‍ജിക്കുകയാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ്. തെലങ്കാന രൂപവത്കരണ മുന്നണിപ്പോരാളിയെന്ന നിലയില്‍ ടി ആര്‍ എസിന്റെ പ്രതിച്ഛായ വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസുമായും ടി ആര്‍ എസുമായും അടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇത് വിജയിച്ചാല്‍ വന്‍നേട്ടമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. തെലങ്കാനയില്‍ 17 ഉം സീമാന്ധ്രയില്‍ 25 ഉം ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.
അതിനിടെ, ജയില്‍മോചിതനായ ജഗന്‍മോഹന്‍ റെഡ്ഢി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്നലെ സീമാന്ധ്ര പ്രക്ഷോഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജഗന്റെ മോചനത്തില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും കോണ്‍ഗ്രസിന്റെ തന്ത്രമാണെന്നുമുള്ള ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വൈ എസ് ആര്‍ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുമില്ല. ഇപ്പോള്‍ സഖ്യത്തിനില്ലെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ആഗ്രഹിക്കുന്നുവെന്നും വൈ എസ് ആര്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ടി ആര്‍ എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവുവും ഇതേ നിലപാടിലാണ്.
എന്‍ ഡി എയിലേക്ക് ചേക്കേറുക എന്നതാണ് ടി ഡി പിയുടെ മുമ്പിലുള്ള സാധ്യത. ചന്ദ്രബാബു നായിഡുവിനെ കൊണ്ടുവരാന്‍ മോഡി ശ്രമിക്കുന്നുമുണ്ട്. തെലങ്കാനയില്‍ വിഭജനത്തെ അനുകൂലിക്കുകയും സീമാന്ധ്രയില്‍ ടി ഡി പിയെ കൂട്ട്പിടിക്കുകയുമാണ് ബി ജെ പിയുടെ തന്ത്രം. എന്നാല്‍, ബി ജെ പിയുടെ തീവ്രഹിന്ദുത്വ മുഖം, മുസ്‌ലിം വോട്ടുകള്‍ അകറ്റുമെന്ന ഭയത്തിലാണ് ടി ഡി പി.