Palakkad
വായുസേനയില്‍ നിന്ന്പറന്നിറങ്ങിയത് പാലക്കാട് കായികസംസ്‌കാരം ഉയര്‍ത്താന്‍

പാലക്കാട്: ഏറെക്കാലം ഏയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിംഗ് ഓഫീസര്‍ ആയിരുന്ന എ കെ കുട്ടിയുടെ അടുത്ത പറക്കല്‍ പാലക്കാടിന്റെ കായികസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. ഒരുപക്ഷെ അടുത്തകാലത്തു ലോകമെങ്ങും മുഴങ്ങിക്കേള്‍ക്കുന്ന പാലക്കാടിന്റെ കായികതിളക്കങ്ങള്‍ക്കു തുടക്കക്കാരനും എ കെ കുട്ടിയായിരുന്നു. എം ഡി വല്‍സമ്മയെ ജംപിംഗ് പിറ്റില്‍നിന്നും ഹര്‍ഡില്‍സിലേക്കു കൊണ്ടുവന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും എ കെ കുട്ടിയ്ക്കുള്ളതാണ്. ഒളിമ്പ്യനായി വല്‍സമ്മ കത്തിക്കയറിയപ്പോള്‍ തലയുയര്‍ത്തിനിന്ന ആ മനുഷ്യനെ പലരും കണ്ടു, മറ്റുചിലര്‍ കണ്ടില്ല. എങ്കിലും ചിട്ടയായ പരിശീലനക്കാര്യത്തില്‍ അണുവിട തെറ്റാത്ത ഗുരുവിന്റെ ശിഷ്യര്‍ കായികലോകത്തിന്റെ ഉയരങ്ങള്‍ താണ്ടിക്കൊണ്ടിരുന്നു. സുരേഷ്ബാബുവിലൂടെയും മേഴ്‌സിക്കുട്ടനിലൂടെയും എ കെ കുട്ടിയുടെ പരിശീലകന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനായിരുന്ന ഘട്ടത്തില്‍ ജില്ലയുടെ കായിക സമഗ്രവികസനത്തിനു നല്‍കിയ സംഭാവനകളും നിര്‍ദേശങ്ങളും പിന്നീട് മുതല്‍ക്കൂട്ടായെന്നു തെളിയിക്കപ്പെട്ടു. സമീപകാലത്തെ പാലക്കാടിന്റെ കായികവളര്‍ച്ചയുടെ അടിസ്ഥാനമന്ത്രങ്ങള്‍ എ കെ കുട്ടിയുടേതും കൂടിയായിരുന്നുവെന്നും മറ്റു കായികഅധ്യാപകരും സമ്മതിക്കുന്നു. ഏറെക്കാലത്തെ അവഗണനക്കു ശേഷമാണ് രാജ്യം ദ്രോണാചാര്യ നല്‍കി എ കെ കുട്ടിയെ ആദരിച്ചത്. എങ്കിലും സമഗ്ര സംഭാവനക്കു ലഭിച്ച ഈ ആദരം ശിഷ്യസമ്പത്തിന്റെ ഉന്നതിയും വിളിച്ചോതുന്നു.——
എ കെ കുട്ടി 1977ല്‍ മേഴ്‌സികോളേജിലെത്തിയത്. ആദ്യബാച്ചില്‍ പരിശീലനത്തിനായി 11 പേരാണുണ്ടായിരുന്നത്. എല്ലാദിവസവും പാലക്കാട് കോട്ടയ്ക്ക് ചുറ്റും ഓടിക്കുമായിരുന്നു . പരിശീലനത്തില്‍ ഒരുവിട്ടുവീഴ്ച്ചയും വരുത്താത്ത അദ്ദേഹം പരിശീലനത്തിനിടെ തെറ്റ് ചെയ്താല്‍ പുറത്താക്കുന്നതും പതിവായിരുന്നു. പരിശീലനത്തിനിടെ തനിക്ക് പലവട്ടം പുറത്ത് പോകേണ്ടതായി വന്നിട്ടുണ്ടെന്നും വല്‍സമ്മ പറഞ്ഞു. പരിശീലനത്തിനിടെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും ആര്‍മി ശൈലിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നതെന്നും മേഴ്‌സിക്കുട്ടന്‍ പ്രിയ പരിശീലകനെക്കുറിച്ചു പറഞ്ഞു.——
താരങ്ങളുടെ ശരീരഘടനയും കോര്‍ഡിനേഷനും നോക്കിയാണ് അവര്‍ക്ക് അനുയോജ്യമായ ഇനത്തില്‍ പരിശീലനം നല്‍കിയിരുന്നത്. തന്റെ കോര്‍ഡിനേഷനും ശരീരഘടനയും നോക്കിയാണ് അദ്ദേഹം തന്നെ ഹര്‍ഡിസിലേക്കു മാറ്റിയതെന്ന് വല്‍സമ്മ വ്യക്തമാക്കി. തൃശൂരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ നടക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എല്ലാവരെയും കുട്ടിയെന്ന പരിശീലകന്‍ പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നു.——
മത്സരം അവസാനിക്കും വരെയും പ്രോത്സാഹനവുമായി കൂടെയുണ്ടാവുന്ന പരിശീലകന്‍. മത്സരത്തിന് മുമ്പ് താരങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറക്കാന്‍ തമാശകളും കഥകളുമായി എത്തുന്ന നല്ലൊരുകൂട്ടുകാരന്‍കൂടിയായിരുന്നു അദ്ദേഹമെന്ന് ശിഷ്യകള്‍ ഓര്‍ക്കുന്നു. 1984ലെ ഒളിമ്പിക്‌സില്‍ റിലേയില്‍ ഇന്ത്യന്‍ സംഘം ആദ്യമായി ഫൈനലില്‍ എത്തി ചരിത്രംകുറിച്ചത് അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം വഴിയായിരുന്നു.
വിജയത്തിനുശേഷം പുറത്ത്തട്ടിയുള്ള അദ്ദേഹത്തിന്റെ അഭിനന്ദനത്തിനായി എല്ലാവരും കാത്തിരിക്കുമായിരുന്നുവെന്നും വത്സമ്മ പറഞ്ഞു. അദ്ദേഹത്തിന്റെ കര്‍ക്കശമായ പരിശീലനമാണ് തങ്ങളെ ഇതുവരെ എത്തിച്ചതെന്നും തങ്ങളും ഇപ്പോള്‍ അതാണ് പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒളിമ്പിക്‌സില്‍ അവസാന ട്രാക്കില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഓടാന്‍ പറഞ്ഞത് ഇന്നും ചെവിയില്‍ മുഴങ്ങുന്നതായി വത്സമ്മ വിഷമത്തോടെ ഓര്‍ത്തു.——