Connect with us

Gulf

ഫുജൈറയില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ 50 ലക്ഷത്തിന്റെ ക്യാമറ സ്ഥാപിക്കുന്നു

Published

|

Last Updated

ഫുജൈറ: എമിറേറ്റിലെ ശൈഖ് ഖലീഫ മോട്ടോര്‍ വേയില്‍ സുരക്ഷ ഉറപ്പാക്കാന്‍ 50 ലക്ഷം ദിര്‍ഹം മുടക്കി ക്യാമറ സ്ഥാപിക്കുന്നു. ഏത് സമയവും തിരക്കൊഴിയാത്ത ഈ റോഡില്‍ അമിത വേഗം പലപ്പോഴും മരണത്തിന് ഇടയാക്കിയത് കണക്കിലെടുത്താണ് നടപടിയെന്ന് പൊതുമരാമത്ത് മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റോഡില്‍ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങള്‍ക്ക് തടയിടാന്‍ ക്യാമറ സ്ഥാപിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്നും ഏറെക്കാലമായി ആവശ്യം ശക്തമായിരുന്നു.

മേഖലയില്‍ പാറക്കല്ലുകള്‍ റോഡിലേക്ക് അടര്‍ന്നു വീഴുന്നതിന് പരിഹാരം കാണാനും പൊതുമരാമത്ത് അധികം വൈകാതെ നടപടി സ്വീകരിക്കും. റോഡിനോട് ചേര്‍ന്ന് അപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഫസ്റ്റ് എയ്ഡ് സെന്റര്‍ ഒരുക്കാനും പദ്ധതിയുണ്ട്. മലീഹ, കല്‍ബ റോഡുകളുമായി ചേരുന്ന ഭാഗങ്ങളാണ് ഏറ്റവും കുടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷിയായത്.
കഴിഞ്ഞ ഓഗസ്റ്റ് 10ന് ഇവിടെ സംഭവിച്ച അപകടത്തില്‍ ആറു പാക് സ്വദേശികള്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച നിസാന്‍ കാര്‍ തലകീഴായി മറിഞ്ഞ് തീപിടിച്ചായിരുന്നു ദാരുണമായ അപകടം. ചെറിയ പെരുന്നാള്‍ അവധി ദിവസമായിരുന്നു ഇത്. അടുത്തിടെ ഇവിടെ ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ സ്വദേശികളായ മൂന്നു സ്ത്രീകളും ഇവരുടെ രണ്ട് ഏഷ്യക്കാരായ ജോലിക്കാരികളും മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.