നവീകരിച്ച കണ്ണൂര്‍ സ്പിന്നിംഗ് മില്‍ ഉദ്ഘാടനം ചെയ്തു; കണ്ണൂരില്‍ യാണ്‍ ഡിപ്പോയും വിദഗ്ധ പരിശീലന കേന്ദ്രവും ഉടന്‍: കേന്ദ്രമന്ത്രി

Posted on: September 25, 2013 12:31 am | Last updated: September 25, 2013 at 12:31 am

കണ്ണൂര്‍: കണ്ണൂരില്‍ യാണ്‍ ഡിപ്പോ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും ടെക്‌സ്റ്റൈല്‍ രംഗത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദഗ്ധ പരിശീലന കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി കെ എസ് റാവു പറഞ്ഞു. 80 കോടി ചെലവില്‍ കക്കാട് സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട നവീകരണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂരില്‍ യാണ്‍ ഡിപ്പോ ഇല്ലാത്തതിന്റെ പ്രയാസം കെ സുധാകരന്‍ എം പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണ്ണൂര്‍ സ്പിന്നിംഗ് മില്ലില്‍ എല്ലാ തൊഴിലാളികള്‍ക്കും രണ്ട് ജോഡി യൂനിഫോം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എച്ച് ആര്‍ മാന്വല്‍ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. മാനേജര്‍മാരായ എ അരുള്‍ സാമി, അലോക് ബാനര്‍ജി എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് പൊന്നാടയും മൊമന്റോയും നല്‍കി. കെ സുധാകരന്‍ എം പി, ടെക്‌സ്റ്റൈല്‍സ് വകുപ്പ് സെക്രട്ടറി സോറ ചാറ്റര്‍ജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഷൈജ തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കെ ശര്‍മ്മ സ്വാഗതവും കണ്ണൂര്‍ സ്പിന്നിംഗ് വീവിംഗ് മില്‍ ജനറല്‍ മാനേജര്‍ കെ ജി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കണ്ണൂര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ്. 60 വര്‍ഷത്തിലേറെ ചരിത്രമുളള മില്‍ 1992 ല്‍ പീഡിത വ്യവസായമായി മാറി. ഇതില്‍ നിന്ന് കര കയറുവാന്‍ എന്‍ ടി സി 2004 ല്‍ പുനരുദ്ധാരണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം സമര്‍പ്പിക്കുകയും ഇതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായാണ് പുനരുദ്ധാരണം നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ ലോകോത്തര നിലവാരമുളള യന്ത്രങ്ങള്‍ സ്ഥാപിക്കുകയും 25920 സ്പിന്റിലോടുകൂടി 100 ശതമാനം കൃത്രിമ നാരിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ഇവിടെ 260 സ്ഥിരം ജീവനക്കാരും 200 ഓളം ബദലി ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. രണ്ടാംഘട്ട പുനരുദ്ധാരണം 26112 സ്പിന്റിലോടുകൂടി സമയബന്ധിതമായി പൂര്‍ത്തിയായിരിക്കുകയാണ്.