Connect with us

Editorial

ആധാര്‍: ആശ്വാസമേകി കോടതി വിധി

Published

|

Last Updated

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിന് സുപ്രീം കോടതി വിലക്ക്. സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ചില സംസ്ഥാനങ്ങളുടെ തീരുമാനം ചോദ്യം ചെയ്തു കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ എസ് പുട്ടസ്വാമി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിന്മേലാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കോടതി ഉത്തരവിട്ടത്. താത്പര്യമുള്ളവര്‍ മാത്രം ആധാര്‍ എടുത്താല്‍ മതിയെന്നും ഇക്കാര്യത്തിന് ആരും ശഠിക്കരുതെന്നും വിധിയില്‍ പറയുന്നുണ്ട്.
വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങളെ കോര്‍ത്തിണക്കുന്നു യൂനിക് ഐഡന്റിറ്റി നമ്പര്‍ (യു ഐ ഡി) പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ് നടപ്പാക്കാനുള്ള തീരുമാനം 2009-ലാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. അന്നു മുതലേ ഇതേക്കുറിച്ചു വിവാദങ്ങള്‍ ഉയരുകയും പദ്ധതിക്ക് പിന്നില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുകയും ചെയ്തു. ആധാറില്‍ ജനസംഖ്യാപരമായ വിവരങ്ങള്‍ക്ക് പുറമെ കണ്ണ്, വിരലടയാളം തുടങ്ങി ബയോമെട്രിക് വിവിരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ മുഖ്യമാണ് വ്യക്തിസ്വാതന്ത്ര്യം. സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം അതില്‍ ഉള്‍പ്പെട്ടതാണ്. ഭരണകൂടത്തിന്റെതുള്‍പ്പെടെ ആരുടെ മുമ്പിലും അത് വെളിപ്പെടുത്തേണ്ടതില്ല.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനാണ് ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത് പദ്ധതിയെക്കുറിച്ചുയര്‍ന്ന ആശങ്ക വര്‍ധിപ്പിച്ചതേയുളളു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുടെ വ്യാപാര പങ്കാളി ആക്‌സെന്‍ചര്‍ എന്ന സ്വകാര്യ കമ്പനിയെയാണ് ഇതിന്റെ ചുമതല ഏല്‍പിച്ചതെന്നതും സന്ദേഹത്തിനിടയാക്കി. രാജ്യത്തെ ജനങ്ങളെ സംശയദൃഷ്ടിയോടെയല്ല ഭരണകൂടം വീക്ഷിക്കേണ്ടത്. നാടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുമല്ല. സാങ്കേതികമായി ലോകം ഏറെ വളര്‍ന്ന നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കാനും കുഴപ്പക്കാരായ വ്യക്തികളെ കണ്ടെത്താനും നിരീക്ഷണവിധേയമാക്കാനും മാര്‍ഗങ്ങള്‍ വേറെയെന്തെല്ലാമുണ്ട്? ആഗോള തലത്തില്‍ പരാജയപ്പെട്ടതാണ് യു ഐ ഡി പദ്ധതി. ഇതു നടപ്പാക്കാന്‍ ശ്രമിച്ച പല രാജ്യങ്ങളും ജനങ്ങളുടെ എതിര്‍പ്പ് മൂലം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്. ബ്രിട്ടനില്‍ ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടനെ കൈക്കൊണ്ട നടപടികളിലൊന്ന് യു ഐ ഡി പദ്ധതി പിന്‍വലിക്കലായിരുന്നു.
പൗരന്മാരുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ആധാറിന് നിയമത്തിന്റെ പിന്‍ബലമില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാര്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിയമസാധുത തന്നെ കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ആധാര്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ച കേന്ദ്രം, നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കോടതിയില്‍ പറയേണ്ടി വന്നത് നിയമത്തിന്റെ പിന്‍ബലമില്ലായ്മ ബോധ്യപ്പെട്ടതു കൊണ്ടായിരിക്കണം.
സുപ്രീം കോടതി വിധിയോടെ രാജ്യത്തെ മുഴുവനാളുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും തദടിസ്ഥാനത്തില്‍ ബേങ്ക് വഴി സബ്‌സിഡി നല്‍കാന്‍ ലക്ഷമിട്ടിരുന്ന ഭക്ഷ്യസുരക്ഷാനിയമം പോലുള്ള പദ്ധതികളും അനിശ്ചിതത്വത്തിലായിരിക്കയാണ്. പാചക വാതക സബ്‌സിഡി ബേങ്ക് മുഖേന നടപ്പാക്കിയ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇതുമുലം സബ്‌സിഡി അനിശ്ചിതമായി വൈകിയേക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 54 ജില്ലകളില്‍ പാചക വാതക സബ്‌സിഡി ബേങ്ക് മുഖേനയാക്കിയിട്ടുണ്ട്. അടുത്ത ജനുവരി ഒന്നോടെ 235 ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
40 കോടിയാളുകള്‍ക്കാണ് ഇതിനകം ആധാര്‍ കാര്‍ഡ് ലഭ്യമായത്. രാജ്യത്തെ 120 കോടി ജനസംഖ്യയില്‍ മുന്നിലൊന്നിന് മാത്രം. ഇപ്പോഴും എവിടെയുമെത്തിയിട്ടില്ലാത്ത ഒരു സംവിധാനത്തെ ആധാരമാക്കി ഭക്ഷ്യസുരക്ഷ, പാചക വാതക സബ്‌സിഡി നേരിട്ട് പോലുള്ള പദ്ധതികള്‍ നടപ്പാക്കിയത് തന്നെ ചിന്താശൂന്യമായ നടപടിയായെന്നഭിപ്രായമുണ്ട്.

Latest