ടാം റേറ്റിംഗില്‍ നിന്ന് വാര്‍ത്താ ചാനലുകളെ ഒഴിവാക്കണമെന്ന് മന്ത്രി കെ സി ജോസഫ്

Posted on: September 25, 2013 12:01 am | Last updated: September 24, 2013 at 11:57 pm

കോട്ടയം: ടാം റേറ്റിംഗില്‍ നിന്ന് വാര്‍ത്താ ചാനലുകളെ ഒഴിവാക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ സി ജോസഫ്. റേറ്റിംഗ് നിശ്ചയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ‘ചാനല്‍ യുഗവും വാര്‍ത്തയും’ എന്ന വിഷയത്തില്‍ നടത്തിയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളുടെ വിശ്വസ്ഥതയെക്കാള്‍ കൊമേഴ്‌സല്‍ റേറ്റിംഗിനാണ് വാര്‍ത്താ ചാനലുകള്‍ ഇന്ന് പ്രാധാന്യം നല്‍കുന്നത്. ഇതിന് മാറ്റം ഉണ്ടാകണം. സ്വയം വിമര്‍ശത്തിന് തയ്യാറാകുന്നതിനൊപ്പം മാധ്യമങ്ങള്‍ സ്വയം തന്നെ ലക്ഷ്മണ രേഖ വരക്കണമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിക്ക് പോലും ഉറപ്പില്ലാതെ, കാളപ്പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന തരത്തിലാണ് ഫഌഷ്, ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നത്. മുട്ടനാടുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചോരകുടിക്കുന്ന നരിയുടെ സ്വഭാവമാണ് ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങളുടേത്. സമൂഹത്തില്‍ നിന്നുയരുന്ന വിമര്‍ശങ്ങള്‍ കണക്കിലെടുത്ത് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. മാധ്യമങ്ങളോട് സര്‍ക്കാറിന് അസഹിഷ്ണുതയും ശത്രുതയുമില്ല. ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സമരക്കാരെ പോലീസിന് നേരെ ഇളക്കിവിട്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം ഉണ്ടാക്കിയതിന് പിന്നില്‍ ചാനലുകളാണ്. സംഘര്‍ഷം ഉണ്ടാക്കി ചോരക്കുടിക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്്ടര്‍ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. സൂക്ഷ്മതയില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് ദൃശ്യഅച്ചടി മാധ്യമങ്ങള്‍ വിമര്‍ശനത്തിന് വിധേയമാവുന്നതിന് കാരണം. അച്ചടി മാധ്യമങ്ങളുടെ മേല്‍ ദൃശ്യമാധ്യമങ്ങള്‍ മുന്‍കൈ നേടിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചകള്‍ ഗുസ്തിയായി മാറുന്ന കാഴ്ചയാണിന്നുള്ളതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ് പറഞ്ഞു. അച്ചടി ദൃശ്യമാധ്യമങ്ങളുടെ സ്വഭാവം ഒന്നു തന്നെയാണെന്നും. നിലപാടുകള്‍ നിശ്ചയിക്കുന്നത് ഉടമകളാണെന്നും ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പറഞ്ഞു.