സംസ്ഥാനത്ത് രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ദേശം വരുന്നു

Posted on: September 25, 2013 12:00 am | Last updated: September 24, 2013 at 11:52 pm

post_mortemകോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ദേശം വരുന്നു. ആദ്യ ഘട്ടമായി അവയവദാനം ചെയ്യുന്ന മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടമാണ് രാത്രിയില്‍ നടത്തുക. അവയവ ദാനം കഴിഞ്ഞ് ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടിയും ദീര്‍ഘസമയം കാത്തിരിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം. ഘട്ടം ഘട്ടമായി രാത്രികാല പോസ്റ്റ്‌മോര്‍ട്ടം സ്ഥിരം സംവിധാനമാക്കിയേക്കും.

എന്നാല്‍, രാത്രി കാല പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് സംസ്ഥാനത്തെ ഫോറന്‍സിക് വിഭാഗത്തിനിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് അത്യാവശ്യമായി പരിഗണിക്കുന്ന പ്രകൃതിവെളിച്ചം ഇല്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോഴുണ്ടാകുന്ന സാങ്കേതികത്വമാണിത്. ഹൃദയത്തിന്റെ ചെറിയ തോതിലുള്ള നിറ വ്യതിയാനം നോക്കിയാണ് ഒരു പരിധി വരെ മരണത്തിന്റെ രീതി മനസ്സിലാക്കുന്നത്. ഈ നിറം പ്രകൃതി വെളിച്ചത്തിലായാലേ ശരിയായി അറിയാനാകൂ. എന്നാല്‍, രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ഇത് സാധ്യമല്ല. ഇത് സംബന്ധിച്ച് ഫോറന്‍സിക് വിഭാഗം ഗവണ്‍മെന്റിനെ അഭിപ്രായമറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മെഡിക്കല്‍ രംഗത്തെ പ്രമുഖരുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന ആക്ഷേപം വ്യാപകമാണ്. നേരത്തെ, ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മെഡിക്കോ ലീഗല്‍ കണ്‍സല്‍ട്ടന്റ് എന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഈയിടെയായി ഇത്തരമൊരു തസ്തിക സംസ്ഥാനത്തില്ല.

ഇതിനെല്ലാം പുറമെ, പകല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും സംസ്ഥാനത്തെ പല മോര്‍ച്ചറികളിലും ഇല്ലെന്നിരിക്കെ രാത്രികാലത്തേത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. സൂര്യവെളിച്ചം ലഭിക്കാന്‍ വേണ്ടി ജനാലക്കരികെയും മറ്റും കൊണ്ടുവന്നാണ് പലയിടങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ പൊതുജനങ്ങള്‍ കാണുന്ന രൂപത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുന്നത് പതിവാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ രോഗം പകര്‍ന്ന കോഴിക്കോട്ടെ ഒരു ഡോക്ടര്‍ അപകടനില തരണം ചെയ്തു വരുന്നേയുള്ളൂ.