അബു ഹാജിയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: എസ് വൈ എസ്

Posted on: September 24, 2013 11:40 pm | Last updated: September 24, 2013 at 11:40 pm

കോഴിക്കോട്: മഞ്ചേരിക്കടുത്ത് എളങ്കൂറില്‍ അബു ഹാജിയെന്ന സുന്നി പ്രവര്‍ത്തകനെ അടിച്ചുകൊന്ന വിഘടിത വിഭാഗത്തിന്റെ ഹീനകൃത്യത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രേട്ടറിയറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഫാസിസ്റ്റുകളെപ്പോലും വെല്ലുന്ന രൂപത്തില്‍ നടത്തിയ ഈ മൃഗീയ ചെയ്തിയില്‍ മുഴുവനാളുകളും പ്രതിഷേധിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അര്‍ഹമായ ശിക്ഷ നല്‍കാനും ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സുന്നി പ്രസ്ഥാനത്തോടും നേതാക്കളോടും ആശയപരമായി സംവദിക്കാന്‍ കഴിയാതെ കഠാരയും കൊടുവാളുമായി സംഘട്ടനം സൃഷ്ടിക്കുന്നത് എന്തിന്റെ പിന്‍ബലത്തിലാണെന്ന് വിഘടിത നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇരുവിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള മദ്‌റസയില്‍ രക്ഷിതാക്കളുടെ യോഗത്തിന് മുമ്പായി വിഘടിത സംഘടനയുടെ പ്രകോപനപരമായ ഗാനം വെച്ചപ്പോള്‍ അത് മാറ്റി പകരം ഖുര്‍ആന്‍ പാരായണം വെക്കാന്‍ പറഞ്ഞതാണ് കൊലയാളികളെ പ്രകോപിച്ചത്. സംഘര്‍ഷം ഒഴിവാക്കാനെത്തിയ പ്രായം ചെന്ന അബു ഹാജിയെ അടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നില്‍ നിന്ന് നേതൃത്വം നല്‍കിയ വിഘടിത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക സ്വീകരിക്കുന്ന സുന്നികളുടെ നിലപാട് ബലഹീനതയായി കാണരുതെന്നും അക്രമികള്‍ക്ക് ഒത്താശ നല്‍കരുതെന്നും സെക്രട്ടേറിയറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംബന്ധിച്ചു.