Connect with us

Gulf

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ദുബൈ ഒരുക്കം തുടങ്ങി

Published

|

Last Updated

ദുബൈ: ഈദുല്‍ അസ്ഹ ആഘോഷങ്ങള്‍ക്ക് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വന്‍ ഒരുക്കം. ഒക്ടോബര്‍ 10 മുതല്‍ 19 വരെ ആഘോഷിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം ഉത്തരവിട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍മരി അറിയിച്ചു.

ദുബൈയില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആഘോഷങ്ങളില്‍ ഈദുല്‍ അസ്ഹ ആഘോഷങ്ങള്‍ നമ്മെ ഒരുമിപ്പിക്കുന്നു എന്ന ആശയത്തില്‍ വന്‍ പ്രചാരണം നടത്തും. ഈദിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 24 മണിക്കൂറും വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. മാളുകളും ചില്ലറ വ്യാപാര കേന്ദ്രങ്ങളും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വാണിജ്യോത്സവം നടത്തിയിരുന്നു. അത് വന്‍ വിജയമായിരുന്നു-അദ്ദേഹം പറഞ്ഞു.
സര്‍ക്കാറും സ്വകാര്യ സ്ഥാപനങ്ങളും കൈകോര്‍ത്ത് ദുബൈയെ അവിസ്മരണീയ സന്ദര്‍ശന സ്ഥലമാക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒലൈലാ മുഹമ്മദ് സുഹൈല്‍ പറഞ്ഞു. മാളുകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും ഉത്പന്നങ്ങളുടെ വില കുറക്കും. ഫാഷന്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. മാജിദ് അല്‍ ഫുതൈം, ഇമാര്‍ മാള്‍സ് തുടങ്ങിയ ഗ്രൂപ്പുകള്‍ സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.

Latest