Connect with us

Malappuram

പാറ ഇപ്പോഴും റോഡില്‍ തന്നെ; എഴുപതേക്കര്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല

Published

|

Last Updated

കാളികാവ്: എഴുപതേക്കര്‍ റോഡില്‍ വീണ പാറ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാനായില്ല. മലയിടിച്ചിലിനെ തുടര്‍ന്ന് എഴുപതേക്കര്‍ റോഡില്‍ വീണ പാറ നീക്കി ഇന്നലെയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാറ നീക്കം ചെയ്യുന്ന പ്രവൃത്തി വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
എഴുപതേക്കര്‍ റോഡ് പൂര്‍ണമായും മുടങ്ങിയതിനെ തുടര്‍ന്ന് മലയോര വാസികള്‍ കടുത്ത ദുരിതത്തിലാണ്. റോഡ് അടഞ്ഞ് കിടന്നതോടെ തോട്ടം തൊഴിലാളികളേയും ഉടമകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
റോഡില്‍ വീണ പാറക്കെട്ടുകള്‍ പൂര്‍ണമായി പൊട്ടിച്ചെടുത്തതിന് ശേഷം നീക്കം ചെയ്യാനാണ് പദ്ധതി. ചേരുകുളമ്പ് ദളിദ് കോളനിയുള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. എഴുപതേക്കര്‍, മാഞ്ചോല, ഉമ്മച്ചന്‍കാട്, പോത്തംങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലെ 300 ഓളം കുടുംബങ്ങള്‍ ഒരാഴ്ചയായി ഒറ്റപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.ഓണാവധി തീര്‍ന്ന് വിദ്യാലയങ്ങള്‍ തുറക്കുക കൂടി ചെയ്തതോടെ പ്രതിസന്ധി കൂടുതലായിട്ടുണ്ട്. എഴുപതേക്കര്‍, ചേരുകുളമ്പ് പ്രദേശത്ത് നിന്ന് അടക്കാക്കുണ്ട് ജുമാമസ്ജിദിലേക്കും, സെന്റ് ജോര്‍ജ്ജ് പള്ളിയിലേക്കും, വാഹനങ്ങളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരും കടുത്ത ദുരിതത്തിലായി. രാസവസ്തുക്കള്‍ വെച്ചാണ് റോഡില്‍ വീണ പാറപൊട്ടിച്ച് കൊണ്ടിരിക്കുന്നത്.
പൊട്ടിച്ച പാറക്കല്ലുകള്‍ക്ക് ആവശ്യക്കാര്‍ ഇല്ലെന്നും അതാണ് നീക്കം ചെയ്യാന്‍ വൈകുന്നതെന്നും പറയുന്നു. എന്നാല്‍ എഴുപതേക്കര്‍ റോഡിന്റെ പല ഭാഗത്തും, അടക്കാക്കുണ്ട് പുഴയോരവും ഇടിഞ്ഞ് പൊളിഞ്ഞത് കെട്ടാന്‍ ഉപയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. റോഡിലെ പാറക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.

Latest