Connect with us

Kozhikode

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം നാല് പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

പേരാമ്പ്ര: ട്യൂഷന്‍ സെന്ററിലേക്കുപോകുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളെയും ജോലി ആവശ്യാര്‍ഥം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെയും കാട്ടുപന്നി ആക്രമിച്ചു.
കൂരാച്ചൂണ്ട് ടൗണില്‍ മേലെ അങ്ങാടിയില്‍ ഇന്നലെ രാവിലെ 7.30നാണ് സംഭവം. വിദ്യാര്‍ഥികളായ മാടമുള്ളതില്‍ ജംഷിദ (15), രബിത (14), സിനാന്‍ (ഒമ്പത്) എന്നിവര്‍ക്കും മഠത്തില്‍ പൊയില്‍ ജമാലി (39)നുമാണ് പന്നിയുടെ കുത്തേറ്റത്ത്.
തോളെല്ല്‌പൊട്ടി ഗുരുതരമായ പരുക്കേറ്റ ജമാലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതല്ല. കല്ലാനോട്, കരിയാത്തുംപാറ, വട്ടച്ചിറ, അത്യോട്ടി ഭാഗങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പരുക്കേറ്റവരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഗസ്റ്റിന്‍ കാരാക്കട, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൈക്കിള്‍ പുളിക്കല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കൂരാച്ചുണ്ട് പോലീസും പെരുവണ്ണാമുഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വനപാലകരും സംഭവസ്ഥലത്ത് എത്തിയിരുന്നു.