Connect with us

Kozhikode

ഛിദ്രശക്തികള്‍ക്കെതിരെ നാലിന് എസ് വൈ എസ് ആദര്‍ശ സമ്മേളനം

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍ ഛിദ്രം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ആദര്‍ശ സമ്മേളനം അടുത്ത മാസം നാലിന് കോഴിക്കോട് മുതലക്കുളത്ത് നടക്കും.
യഥാര്‍ഥ വിശ്വാസങ്ങളില്‍ നിന്ന് സമൂഹത്തെ വഴിതെറ്റിക്കുന്ന വ്യതിയാന ചിന്തകള്‍ക്കെതിരെയും യുവ സമൂഹത്തിന്റെ വികാരം ഇളക്കിവിട്ട് രാജ്യത്തിനും മനുഷ്യനും ഭീഷണി സൃഷ്ടിക്കുന്ന തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമ്മേളനം അവബോധം നല്‍കും.

മനുഷ്യര്‍ക്കിടയിലും സമുദായത്തിനിടയിലും ഛിദ്രത സൃഷ്ടിച്ച് ആനന്ദം കൊള്ളുന്ന പൈശാചികതയെ സമ്മേളനം തുറന്നുകാട്ടും. സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ആദര്‍ശ സമ്മേളനങ്ങളുടെ പ്രഥമ സമ്മേളനമാണ് കോഴിക്കോട്ട് നടക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ് ഘടകങ്ങളുടെയും സമുന്നത നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നവംബര്‍ അവസാനത്തോടെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് സമാപ്തിയാകും.

ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest