ചിലരൊരുക്കുന്ന കെണിയില്‍ ലീഗ് വീഴില്ല: കുഞ്ഞാലിക്കുട്ടി

Posted on: September 24, 2013 1:09 am | Last updated: September 24, 2013 at 1:09 am

പാലക്കാട്:മുസ്‌ലിം ലീഗ് തിളങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതു തടയാന്‍ ആരു വിചാരിച്ചാലും സാധ്യമാകില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് പാലക്കാട് ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷനിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലീഗിന്റെ മറുപടി.

ലീഗ് പഴയ ലീഗല്ല. വലിയ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ലീഗ് പ്രവര്‍ത്തിക്കാത്തതുകൊണ്ട് യു ഡി എഫ് തോറ്റതായി ചരിത്രത്തിലിന്നേവരെ ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയത്തിന് പിന്നില്‍ ലീഗിന്റെ ശക്തിയാണെന്ന് മുല്ലപ്പള്ളി, കെ സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞു തുടങ്ങിയാല്‍ ലീഗിന് പറയാനൊരുപാടുണ്ട്. എല്ലാം ഇപ്പോള്‍ പറയുന്നില്ല. ഇപ്പോള്‍ മോഡിയെന്ന ശത്രുവാണ് മുന്നിലുള്ളത്. അതിനാല്‍ മറ്റൊന്നും പറയുന്നില്ല. ചിലരൊരുക്കുന്ന കെണിയില്‍ പാര്‍ട്ടി വീഴില്ല. പാളം തെറ്റിക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.