Connect with us

Kozhikode

സാമുദായിക വോട്ട് തരംതിരിക്കാന്‍ സര്‍വേ

Published

|

Last Updated

കോഴിക്കോട്: സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനും വോട്ട് ബേങ്ക് ഉറപ്പിക്കുന്നതിനുമുള്ള കരുനീക്കങ്ങളുമായി മുസ്‌ലിം ലീഗ്. മാസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലീഗ് ഇതിനായി മണ്ഡലങ്ങളില്‍ സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും പാര്‍ട്ടിയുടെ വോട്ട് വിഹിതം കണ്ടെത്തുന്നതിനാണ് സര്‍വേ നടത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ലീഗ് സര്‍വേ നടത്തിയിരുന്നെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേത്. സ്ഥാനാര്‍ഥി സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം അറിയുന്നതിനും മുന്നണിയുടെ സാധ്യത അറിയുന്നതിനുമായിരുന്നു മുമ്പത്തെ സര്‍വേ. എന്നാല്‍ സാമുദായിക വോട്ടുകള്‍ തരംതിരിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ സര്‍വേ എന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടിയുടെ അധ്യാപക സംഘടനയായ കെ എസ് ടി യുവിനെയാണ് സര്‍വേക്കായി ചുമതലപ്പെടുത്തിയത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം സംഘടനകളുടെ വോട്ടിംഗ് സ്വാധീനം (എ പി വിഭാ ഗം, ചേളാരി സമസ്ത, മുജാഹിദ് ഇരുവിഭാഗം, ജമാഅത്തെ ഇസ്‌ലാമി, മറ്റ് മുസ്‌ലിം സംഘടനകള്‍ എന്നിവ വേര്‍തിരിച്ച്), മറ്റ് മണ്ഡലങ്ങളില്‍ യു ഡി എഫിന്റെ സ്വാധീനം, ലീഗിന്റെ ശക്തി, ജാതീയ സംഘനടകളുടെ സ്വാധീനം, മറ്റ് സാമുദായിക പരിഗണനകള്‍ എന്നിവ കണ്ടെത്താനാണ് സര്‍വേ. ലീഗ് നേതാവ് സി പി ചെറിയ മുഹമ്മദിന്റെ നേതൃത്വത്തില്‍ കെ എസ് ടി യു നടത്തുന്ന സാമ്പിള്‍ സര്‍വേ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാകും. ലീഗിന്റെ മണ്ഡലങ്ങളിലും ശക്തികേന്ദ്രങ്ങളിലുമാണ് പ്രധാനമായും സര്‍വേ നടക്കുക. മണ്ഡലം തലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഇതിനകം നിലവില്‍ വന്നു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോ ള്‍ എല്ലാ കാലവും ലീഗ് സാമുദായിക സംഘടനകളെ കൂടെ നിര്‍ത്താന്‍ നീക്കം നടത്താറുണ്ട്. ഇത്തരം തന്ത്രത്തിന്റെ ഭാഗമാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിവാദമെന്ന ആരോപണം ശക്തമാണ്. ലീഗിന്റെ രണ്ട് നേതാക്കള്‍ പങ്കെടുത്താണ് ഇത് സംബന്ധിച്ച യോഗം നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണ വിഷയം ഉയര്‍ത്തിക്കാട്ടി ലീഗ് മുസ്‌ലിം സംഘടനകളുടെ ഏകോപനത്തിന് ശ്രമം നടത്തിയിരുന്നു. ഇത് ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലീഗിന്റെ ഇത്തരം നീക്കങ്ങള്‍ സമുദായത്തെ മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇടവരുത്തും എന്നാണ് വിമര്‍ശം. അഞ്ചാം മന്ത്രി വിവാദം ഇതിന്റെ ഉദാഹരണമായി വിമര്‍ശകരന്‍ കാട്ടുന്നു. അഞ്ചാംന്ത്രി നേട്ടംകൊണ്ട് ലീഗിന് കാര്യമായ ഗുണം ഉണ്ടായില്ല. നേരത്തെയുള്ള രണ്ട് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ ലീഗ് ചെറിയ നേട്ടത്തിനായി നടത്തിയ ഈ നീക്കം സമുദായം അനര്‍ഹമായി എന്തൊക്കെയോ നേടുന്നു എന്ന ധ്വനിയാണ് പൊതുവില്‍ ഉണ്ടാക്കിയതെന്നും വിമര്‍ശകര്‍ പറയുന്നു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിയമം ശരീഅത്ത് നിയമത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന അഭിപ്രായം ലീഗിനുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി നിയമനിര്‍മാണം നടത്തിക്കാനാണ് ശ്രമിക്കേണ്ടത്. മുമ്പ് ശബാനു കേസ് ഉണ്ടായപ്പോള്‍, ശരീഅത്തിനെതിരായ നീക്കമുണ്ടായപ്പോള്‍ ലീഗ് നേതാവായ ബനാത്ത്‌വാല പാര്‍ലിമെന്റില്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ഇടപെട്ട് ഇതിലെ ചില പരാമര്‍ശങ്ങള്‍ നീക്കി പുതിയ നിയമം കൊണ്ടുവന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി നേടിയെടുക്കാനുള്ള ശ്രമങ്ങളും ലീഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിന് പുറമെ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള വയനാട് സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. വയനാട് സീറ്റിനായി കഴിഞ്ഞ തവണ ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുവില്‍ പൊതു സമ്മതന്‍ എന്ന നിലക്ക് കോണ്‍ഗ്രസ് നേതാവായ എം ഐ ഷാനവാസിന് സീറ്റ് നല്‍കുകയായിരുന്നു. ഇത്തവണ സീറ്റിനായുള്ള ആവശ്യം ശക്തമാക്കാനാണ് ലീഗ് തീരുമാനം. എന്നാല്‍ സിറ്റിംഗ് സീറ്റിന് കോണ്‍ഗ്രസ് കടുംപിടിത്തം ഉണ്ടായാല്‍ പാര്‍ട്ടി മുമ്പ് മത്സരിച്ച കാസര്‍കോട് സീറ്റ് വേണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ രാജ്യസഭയില്‍ രണ്ട് എം പിമാര്‍ ലീഗിനുണ്ടായിരുന്നു. മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ ലീഗ് മത്സരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യസഭയില്‍ ഒരു എം പി പോലുമില്ല. ഈ സാഹചര്യത്തില്‍ മൂന്ന് സീറ്റിനായുള്ള ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഈ സീറ്റ് ലക്ഷ്യം വെച്ച് തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന വയനാട്, കോഴിക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദും പ്രസംഗിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.