Connect with us

Kannur

പക്ഷി ദേശാടന ഭൂപടത്തില്‍ മാടായിപ്പാറ ആഗോളശ്രദ്ധ നേടുന്നു

Published

|

Last Updated

കണ്ണൂര്‍: ഇന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടാറുള്ള നിരവധി പക്ഷിവര്‍ഗങ്ങള്‍ ദേശാടനത്തിനിടയില്‍ ഇടത്താവളമാക്കുന്ന മാടായിപ്പാറ പക്ഷിദേശാടന ഭൂപടത്തില്‍ ആഗോളശ്രദ്ധ നേടുന്നു. കണ്ണൂര്‍ പഴയങ്ങാടിക്കടുത്തുള്ള എഴുന്നൂറോളം ഏക്കര്‍ വിസ്തൃതിയിലുള്ള മാടായിപ്പാറയില്‍ അടുത്ത കാലത്തായി കണ്ടെത്തിയ ദേശാടകരായ പക്ഷികളുടെയും അപൂര്‍വമായ പൂമ്പാറ്റകളുടെയും എണ്ണം ഏറെയാണ്.

മഴയൊഴിഞ്ഞ നേരങ്ങളിലാണ് മാടായിപ്പാറയുടെ പച്ചപ്പ് നിറഞ്ഞ മേല്‍ഭാഗങ്ങളില്‍ കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കി കൂടുതലും ദേശാടന പക്ഷികളെത്താറുള്ളത്. അലാസ്‌കന്‍ മഞ്ഞക്കാലി, വെള്ളരയന്‍, യൂറോപ്യന്‍ പനങ്കാക്ക, ചാരക്കഴുത്തന്‍ തുടങ്ങി അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാടായിപ്പാറയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ രണ്ട് പക്ഷികളുടെ സാന്നിധ്യവും കണ്ടെത്തി. കാസ്പിയന്‍ മണല്‍ക്കോഴിയെയാണ് കഴിഞ്ഞ ദിവസം ഇവിടെ കണ്ടത്. ഇതിന് പിറകെ ഇന്ത്യയില്‍ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള സൈബീരിയന്‍ നീര്‍ക്കാടയെയും ഗവേഷക സംഘം കണ്ടെത്തിയതോടെ പക്ഷിദേശാടന ഭൂപടത്തില്‍ മാടായിപ്പാറയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.
സൈബീരിയയിലും അലാസ്‌കയിലും കാനഡയിലും പ്രജനനം നടത്തുകയും തെക്കന്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ദേശാടനം നടത്തുകയും ചെയ്യാറുള്ള ഈ പക്ഷിയെ പക്ഷി നിരീക്ഷകനായ പി സി രാജീവനാണ് മാടായിപ്പാറയില്‍ കണ്ടത്. തുടര്‍ന്ന് ഡോ. ഖലീല്‍ ചൊവ്വ, ഡോ. ജയന്‍ തോമസ് എന്നിവര്‍ പക്ഷിയെ തിരിച്ചറിയുകയും ചെയ്തു. ഇന്ത്യയില്‍ 2002ല്‍ പഞ്ചാബില്‍ കണ്ടതായ ഒരു റിപ്പോര്‍ട്ട് മാത്രമാണുള്ളതെന്നും തെക്കെ ഇന്ത്യയില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.

21 സെ. മീ നീളമുള്ള ഈ പക്ഷിയുടെ വിടര്‍ന്ന ചിറകിന് 46 സെ. മീ അകലമുണ്ട്. പുറംഭാഗത്തെ തവിട്ട് നിറവും മാറിടത്തിലെ തെളിഞ്ഞു കാണുന്ന ചാരനിറത്തിലുള്ള വരയന്‍ പുള്ളികളും അറ്റം കറുത്ത ഒലീവ് നിറത്തിലുള്ള കൊക്കും മഞ്ഞക്കാലുകളും സൈബീരിയന്‍ നീര്‍ക്കാക്കയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ശിശിര കാലത്ത് വളരെ ആകര്‍ഷകമായ നിറങ്ങളാണ് പക്ഷിക്കുണ്ടാകുക. തണ്ണീര്‍ത്തടങ്ങളിലും പുല്‍മേടുകളിലും ഇര തേടാറുള്ള സൈബീരിയന്‍ നീര്‍ക്കാക്കയുടെ ഇഷ്ടഭോജനം ചെറുപ്രാണികളാണ്.

പക്ഷികള്‍ക്ക് പുറമെ 113 ഇനം ചിത്രശലഭങ്ങളെയും 24 ഇനം തുമ്പികളെയും മാടായിപ്പാറയില്‍ കാണാനാകും. കോലത്തിരി മുതല്‍ വിദേശശക്തികള്‍ വരെയുള്ള ഭരണാധികാരികളുടെ രേഖകള്‍, വിദേശസഞ്ചാരികളുടെ യാത്രാ വിവരണങ്ങള്‍, തോറ്റം പാട്ടുകള്‍ എന്നിവയില്‍ മാടായിപ്പാറയും ചുറ്റുമുള്ള പ്രദേശങ്ങളും നിരവധി തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതുലന്‍ രചിച്ച മൂഷികവംശത്തില്‍ വല്ലഭന്‍ രണ്ടാമന്‍ പണികഴിപ്പിച്ചതാണ് മാടായി നഗരം എന്ന് പറയുന്നു.