Connect with us

Kerala

കെ എസ് ആര്‍ ടി സി സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ന് മുതല്‍ ഡീസലടിക്കും

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ ഇന്ന് മുതല്‍ സിവില്‍ സപ്ലൈസ് പമ്പുകളില്‍ നിന്നും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കും. പൊതുവിപണിയിലെ വിലക്ക് തന്നെ ഡീസല്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. സപ്ലൈകോ പമ്പുകളില്‍ നിന്നും ഇത് ഇല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യ പമ്പുകളില്‍ നിന്നുമാകും ഡീസലടിക്കുക. അതേസമയം സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സബ്‌സിഡി പിന്‍വലിച്ചതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന് ഒരു ഗുണവും ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ ഡിപ്പോക്കും സമീപത്തുള്ള പമ്പുകളെ ഇതിനായി തിരഞ്ഞെടുത്തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഡീസലടിച്ചതിന്റെ തുക കെ എസ് ആര്‍ ടി സി പമ്പുടമകള്‍ക്ക് ബേങ്ക് വഴി കൈമാറും. ഓരോ ഡിപ്പോയും ഡീസല്‍ നിറച്ചതിന്റെ കണക്ക് അതത് ദിവസം കെ എസ് ആര്‍ ടി സി ആസ്ഥാനത്തേക്ക് അയക്കണം.
പ്രതിദിനം 4.6 ലക്ഷം ഡീസലാണ് കെ എസ് ആര്‍ ടി സിക്ക് ആവശ്യമുള്ളത്. സപ്ലൈകോക്ക് 38 പമ്പുകളാണ് സംസ്ഥാനത്തുള്ളത്. കെ എസ് ആര്‍ ടി സിക്ക് 97 ഡിപ്പോകളുമുണ്ട്. ഇതനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പമ്പുകളിലെ തിരക്ക്, ബസുകളുടെ പാര്‍ക്കിംഗ് സംവിധാനം എന്നിവ കണക്കിലെടുത്താണ് പമ്പുകളെ തിരഞ്ഞെടുത്തത്. 29 ഡിപ്പോകളുടെ സമീപത്ത് തന്നെ സ്ഥലസൗകര്യമുള്ള പമ്പുകള്‍ ഉള്ളതിനാല്‍ അധിക ജീവനക്കാര്‍ ആവശ്യമായി വരില്ല. 23 ഡിപ്പോകളുടെ 200 മീറ്റര്‍ പരിധിയില്‍ പമ്പുകള്‍ ഉണ്ട്. മലയോര മേഖലയില്‍ ഉള്ള ഡിപ്പോകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിക്കേണ്ടിവരും. പമ്പുകളില്‍ ബസുകളെത്തി എണ്ണയടിക്കേണ്ട സമയം പമ്പുടമകളുമായി ആലോചിച്ച് തീരുമാനിക്കും.
സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കെ എസ് ആര്‍ ടിസിക്ക് അനുമതി നല്‍കിയിരുന്നു. അടിയന്തര സഹായമായി പത്ത് കോടി രൂപയും അനുവദിച്ചു.