ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു; മരണം 69 ആയി

Posted on: September 24, 2013 12:02 am | Last updated: September 24, 2013 at 12:20 am

നൈറോബി: കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ ഷോപ്പിംഗ് മാളില്‍ മൂന്ന് ദിവസത്തോളമായി തുടര്‍ന്ന ഏറ്റുമുട്ടല്‍ അവസാനിച്ചെന്ന് കെനിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വെസ്റ്റേജ് ഷോപ്പിംഗ് മാളില്‍ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അല്‍ ശബാബ് തീവ്രവാദികളെ കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും മാളിന്റെ നിയന്ത്രണം സുരക്ഷാ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെനിയന്‍ ആഭ്യന്തര സെക്രട്ടറി ഒലെ ലെന്‍കു വ്യക്തമാക്കി.

പതിനഞ്ചോളം വരുന്ന ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 175 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, അക്രമികള്‍ക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മാളിന്റെ നിയന്ത്രണം സുരക്ഷാ സൈന്യം ഏറ്റെടുത്തതെന്നും നാല് നിലയുള്ള മാളില്‍ ഏകദേശം മുഴുവന്‍ സ്ഥലങ്ങളിലും സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റ മറ്റ് അക്രമികളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതേ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
വിദേശ സൈനികരടക്കം കനത്ത സുരക്ഷാ സന്നാഹം ഇന്നലെ നൈറോബിയില്‍ നിലയുറപ്പിച്ചിരുന്നു. ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ അക്രമികള്‍ സ്‌ഫോടനങ്ങള്‍ നടത്തിയത് ഭീതി ഉയര്‍ത്തി. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം അക്രമികള്‍ തടഞ്ഞുവെച്ചവരെ സൈന്യം മോചിപ്പിച്ചതായി ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിനിടെ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
അതിനിടെ, ഷോപ്പിംഗ് മാളിന് സമീപം നൂറു കണക്കിന് ജനങ്ങള്‍ തടിച്ചു കൂടിയത് രക്ഷാ പ്രവര്‍ത്തനത്തെയും ദൗത്യ നിര്‍വഹണത്തെയും ബാധിച്ചു. ജനങ്ങളെ തുരത്താന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. മാളില്‍ കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗം ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നൈറോബിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ പൗരന്‍മാരുണ്ടെന്ന് കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ചൈന, ഹോളണ്ട്, അമേരിക്ക എന്നി രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചിരുന്നു. നൈറോബിയിലെ സാഹിത്യ ഉത്സവത്തിന് പങ്കെടുക്കാനെത്തിയ ഘാനയിലെ പ്രശസ്ത കവി കോഫി അവുനൂറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12 മണിയോടെയായിരുന്നു വെടിവെപ്പ് തുടങ്ങിയത്. മുഖംമൂടികള്‍ ധരിച്ചെത്തിയ അക്രമികള്‍ മാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രാനഡ് ആക്രമണം നടത്തുകയും ചെയ്തു. സംഭവ സമയം ഷോപ്പിംഗ് മാളില്‍ വിദേശികളും സ്വദേശികളുമടക്കം ആയിരത്തിലധികം ജനങ്ങള്‍ ഉണ്ടായിരുന്നു.