Connect with us

Gulf

വാടക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗല്‍ സെന്റര്‍ വരുന്നു

Published

|

Last Updated

ദുബൈ: കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗല്‍ സെന്റര്‍ വരുന്നു. 30 ദിവസത്തിനകം ഇത്തരം കേസുകളില്‍ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ലീഗല്‍ സെന്റര്‍ വരുന്നത്. ഫ്രീ സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വാടക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അധികാരവും ലീഗല്‍ സെന്ററിനായിരിക്കും.
സംവിധാനം നിലവില്‍ വരുന്നത് വരെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി(ആര്‍ ഇ ആര്‍ എ)യാവും പഴയ പോലെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക. ആര്‍ ഇ ആര്‍ എയുടെ കീഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാലതാമസം നേരിടുന്നതാണ് പുതിയ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ലീഗല്‍ സെന്ററില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുകയെന്നും ഇതിനായി ആവശ്യമായ ആധുനിക സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ളവ നടപ്പാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ലീഗല്‍ സെന്റര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആര്‍ ഇ ആര്‍ എ ശരിവെക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയാവും പുതിയ സംവിധാനം നടപ്പാക്കുക. സാധാരണ തര്‍ക്കങ്ങളില്‍ 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. കൂടുതല്‍ സങ്കീര്‍ണ്ണമായ കേസുകളില്‍ 60 ദിവസത്തിനകം പരിഹാരം കാണാനുമാണ് ലീഗല്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ചില പ്രത്യേക കേസുകളില്‍ മാത്രമാവും അപ്പീല്‍ അനുവദിക്കുക. അപ്പീല്‍ അനുവദിക്കുന്നത് പലപ്പോഴും കേസുകള്‍ നീളാന്‍ ഇടയാക്കുന്ന സാഹചര്യം പരിഗണിച്ചാണിത്.
ഒരു ലക്ഷത്തില്‍ അധികം വാടകയുള്ള കേസുകളില്‍ മാത്രമാവും അപ്പീല്‍ അനുവദിക്കുക. ന്യായാധിപരും നിയമ രംഗത്തെ വിദഗ്ധരും ഉള്‍പ്പെട്ടതാവും ലീഗല്‍ സെന്റര്‍. കഴിഞ്ഞ ദിവസം ഇത്തരം ഒരു സംവിധാനത്തിന് തുടക്കമിടാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു.
ലീഗല്‍ സെന്റര്‍ ആരംഭിക്കാനുള്ള ദുബൈ സര്‍ക്കാരിന്റെ നീക്കത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാഗതം ചെയ്തു. ലീഗല്‍ സെന്റര്‍ വരുന്നത് ഈ രംഗത്ത് ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഖീല്‍ ചെയര്‍മാന്‍ അലി ലൂത്ത അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. മേഖലയില്‍ സംഭവിക്കുന്ന നിയമ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഇത് ഇടയാക്കും. രാജ്യാന്തര തലത്തിലും ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് മത്സരിക്കാന്‍ കൂടുതല്‍ കരുത്ത് ഇതിലൂടെ ഉണ്ടാവും. ദുബൈയുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഈ മേഖല. ലീഗല്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥക്ക് ലീഗല്‍ സെന്റര്‍ വരുന്നതോടെ പരിഹാരമാവുമെന്നാണ് കരുതുന്നതെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് എം ഡി അഹമ്മദ് അല്‍ മത്‌റൂഷി പ്രതികരിച്ചു. പലപ്പോഴും ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഒരു പരിഹാരവും സംഭവിക്കാത്ത സ്ഥിതി ഇനിയുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിച്ചുചാട്ടത്തിന് പുതിയ തീരുമാനം വഴിവെക്കും. നിലവിലെ പരിഹരിക്കപ്പെടാത്ത പല തര്‍ക്കങ്ങള്‍ക്കും ലീഗല്‍ സെന്ററിലൂടെ പരിഹാരമുണ്ടാവുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ സംവിധാനത്തില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടതായി വരുന്നുണ്ടെന്ന് പ്രസ്റ്റീജ് റിയല്‍ എസ്റ്റേറ്റ് എം ഡി മാരിയോ വോള്‍പി വ്യക്തമാക്കി. പുതിയ സംവിധാനം ഇതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest