Connect with us

Articles

കായലുകളിലെ കൈയേറ്റങ്ങള്‍

Published

|

Last Updated

ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനവും ജീവിക്കുന്നത് 7500 കിലോമീറ്റര്‍ വരുന്ന രാജ്യത്തിന്റെ തീരദേശത്താണ്. ഇവരില്‍ ഉപജീവനത്തിനായി തീരങ്ങളെയും കടലിനെയും ആശ്രയിക്കുന്നവര്‍ ഒരു കോടി മത്സ്യത്തൊഴിലാളികള്‍ വരും. ഈ മേഖലയിലെ പരിസ്ഥിതിയുടെ പ്രാധാന്യവും വികസന പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദത്തില്‍ നിന്ന് ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരദേശ പരിപാലന നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു പ്രാദേശിക സമൂഹങ്ങള്‍ക്കും സുരക്ഷിത ജീവിതമാര്‍ഗം ഉറപ്പാക്കുക, തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, അന്താരാഷ്ട്ര ഉടമ്പടികള്‍ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലുള്ളത്.
കേരളത്തില്‍ 560 കിലോമീറ്ററിലധികമുള്ള കടല്‍ത്തീരവും 33 കായലുകളും ചതുപ്പുകളും പൊക്കാലി പാടങ്ങളും ഉപജീവനത്തിനായി ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ലക്ഷങ്ങളാണ്. അഷ്ടമുടി, വേമ്പനാട്ട്, ശാസ്താംകോട്ട കായലുകള്‍ റാംസാര്‍ ഉടമ്പടി പ്രകാരം അന്താരാഷ്ട്ര സംരക്ഷിത മേഖലകളാണ്. നമ്മുടെ തീരദേശത്തെ കായലുകള്‍ക്ക് ഒട്ടനവധി പ്രത്യേകതകളുണ്ട്. കടലിനെ അപേക്ഷിച്ച് ഉപ്പിന്റെ അംശം വളരെ കുറവാണ്. പ്രധാന നദികളായ പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ, പെരിയാര്‍ തുടങ്ങി എണ്ണമറ്റ ശുദ്ധജല നദികളാണ് പശ്ചിമ ഘട്ട വന പ്രദേശത്തു നിന്നും മഴവെള്ളത്തിലൂടെ എത്തിച്ചേരുന്ന ഐക്കലുമായി കായലുകളില്‍ വന്നുചേരുന്നത്. ജലസസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ആവശ്യമായ ആഹാരപദാര്‍ഥങ്ങളുടെ മുഖ്യ പങ്ക് ലഭിക്കുന്നത്, കടലില്‍ നിന്ന് വേലിയേറ്റ സമയത്തും പുഴകളില്‍ നിന്ന് വേലിയിറക്ക സമയത്തും കായലുകളില്‍ എത്തിച്ചേരുന്ന ജൈവ വസ്തുക്കളിലൂടെയാണ്. കായലുകളിലെ ജീവജാലങ്ങള്‍ക്ക് ഊര്‍ജം ചെലവാക്കാതെ തന്നെ ഭക്ഷ്യലഭ്യത ഉള്ളതിനാല്‍ കായല്‍ മത്സ്യങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ വളര്‍ന്നുവലുതാകാനാകും. കക്കയുടെ ലഭ്യതയും കായലുകളില്‍ വളരെയേറെയാണ്. ദശലക്ഷക്കണക്കിനാളുകള്‍ ഉപജീവനത്തിനായും ഭക്ഷണത്തിനായും കായലുകളെ ആശ്രയിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

മലിനീകരണം, കൈയേറ്റം, നികത്തല്‍ തുടങ്ങി ഒട്ടനവധി ഭീഷണികളുടെ നിഴലിലാണ് സംസ്ഥാനത്തെ കായലുകള്‍. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ഭീഷണിയുടെ നിഴലിലാണ്. കായല്‍ വിസ്തീര്‍ണം നാള്‍ക്കുനാള്‍ ചുരുങ്ങിവരികയാണ്. കായലിലെ ദ്വീപുകള്‍ നിലനില്‍പ്പു ഭീഷണിയിലാണ്. വേമ്പനാട്ടുകായലിലെ തുരുത്തുകളും കായല്‍ തീരവും പരിസ്ഥിതി ദുര്‍ബലപ്രദേശമാണ്. അതീവ ലോലമായ പരിസ്ഥിതി പ്രദേശങ്ങളായ തുരുത്തുകള്‍ പലതും തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപന പ്രകാരം സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ആഗോള താപനം വഴി മഞ്ഞുരുകി സമുദ്രനിരപ്പില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് കായലുകളിലെ തുരുത്തുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ടു തന്നെ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദ്വീപുകളിലും തുരുത്തുകളിലും വലിയ നിയന്ത്രണങ്ങളാണ് നിയമം അനുശാസിക്കുന്നത്. കൂടാതെ, കായല്‍ വിഭവസമ്പത്ത് പല കാരണങ്ങളാല്‍ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുന്നത് പ്രാദേശിക സമൂഹങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്ക് സമീപം പാണാവള്ളി പഞ്ചായത്തിലെ അഞ്ച് ദ്വീപുകളിലെ വെറ്റില തുരുത്തിലും നെടിയ തുരുത്തിലും കെട്ടിപ്പൊക്കിയ റിസോട്ടുകള്‍ പൊളിച്ചുമാറ്റണമെന്ന വിധി സവിശേഷവും കായല്‍ സംരക്ഷണത്തില്‍ നിര്‍ണായകവുമാകുന്നത്. തീരദേശ സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം, തണ്ണീര്‍ത്തട പാടശേഖര സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, കെട്ടിട നിര്‍മാണ നിയമം തുടങ്ങിയവയെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവിടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയത്. റിസോട്ട് ഉടമകള്‍ കായല്‍ പുറമ്പോക്ക് കൈയേറിയതായും കണ്ടെത്തിയിട്ടുണ്ട്.

രേഖകളില്‍ പാടശേഖരങ്ങളും കോള്‍നിലങ്ങളും കണ്ടല്‍ കാടുകളും ചതുപ്പു നിലങ്ങളും പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളുമായ സ്ഥലങ്ങള്‍ എങ്ങനെ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ യോഗ്യമാക്കിത്തീര്‍ത്തു എന്നതില്‍ ദുരൂഹതയുണ്ട്. കാലങ്ങളായി തീരദേശങ്ങളില്‍ താമസിച്ചുവരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരദേശ സംരക്ഷണ നിയമങ്ങളില്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ ലഭ്യമാക്കുന്നതിനായി റിസോട്ടുകള്‍ വില്ലകളാക്കി മാറ്റുകയായിരുന്നു. തീരദേശ നിയമത്തിലെ സോണ്‍ 1, 2 എന്നീ വിഭാഗത്തില്‍ വരുന്ന നെടിയ തുരുത്തിയിലെയും വെറ്റില തുരുത്തിയിലെയും ഭൂപ്രദേശങ്ങള്‍ സോണ്‍ 3,4 വിഭാഗങ്ങളില്‍ എങ്ങനെ വന്നു? സോണ്‍ 1, 2 വിഭാഗങ്ങളില്‍ വരുന്ന പ്രദേശങ്ങളില്‍ എങ്ങനെ കോടിക്കണക്കിന് രൂപ ചെലവഴിച്ച്, കൃത്രിമ രേഖകള്‍ സൃഷ്ടിച്ച് ഹോട്ടല്‍ സമുച്ചയങ്ങള്‍ നിര്‍മിക്കാനായി? ഇക്കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിയ അഴിമതിക്കഥകളാണ് പുറത്തുവരാനുള്ളത്. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഇളവുകള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ സംസ്ഥാന തലം മുതല്‍ കേന്ദ്ര തലം വരെ നടത്തിയ പകല്‍ക്കൊള്ളകളെക്കുറിച്ചും രേഖകള്‍ തിരുത്തിയതിനെക്കുറിച്ചും അന്വേഷണം നടക്കേണ്ടതായിട്ടുണ്ട്.
സമുദ്ര നിരപ്പിലെ ഉയര്‍ച്ചയെക്കുറിച്ച് ലോക രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ ഇവിടെ ഇത്രയേറെ മുതല്‍മുടക്കിന് എങ്ങനെ അനുവാദം ലഭിച്ചു എന്നാണ് വിധിയില്‍ ഹൈക്കോടതി ആശ്ചര്യപ്പെട്ടത്. നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് നടത്തിയിരിക്കുന്നതെന്നാണ് ഹൈക്കോടതി നിരീക്ഷണം. അതുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് കോടികളുടെ മുതല്‍മുടക്കില്‍ ടൂറിസത്തിന്റെ പേരില്‍ കെട്ടിപ്പൊക്കിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. ഈ വിധി സുപ്രീം കോടതിയും ശരി വെച്ചിരിക്കുകയാണ്.
ഇങ്ങനെയൊക്കെയായിട്ടും ചില മതമേലധ്യക്ഷന്മാരും 20ഓളം എം എല്‍ എമാരും രണ്ട് മുന്‍ ഫിഷറീസ് മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് ജനദ്രോഹമായിപ്പോയി. മത്സ്യത്തൊഴിലാളികളുടെ രക്ഷകരായി അഭിനയിക്കുന്ന ഇവരുടെ യഥാര്‍ഥ മുഖമാണ് അനാവൃതമായിരിക്കുന്നത്. വിനോദസഞ്ചാരത്തിന് ആരും എതിരല്ല. അത് ലൈംഗിക വിനോദസഞ്ചാരമാകരുതെന്നു മാത്രം. ഏതായാലും തന്ത്രപ്രധാന ദ്വീപുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും രാജ്യരക്ഷക്ക് ഭീഷണിയാണ്.

Latest