ഭര്‍ത്താവ് പണത്തിനായി സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചെന്ന് യുവതിയുടെ പരാതി

Posted on: September 22, 2013 6:12 pm | Last updated: September 22, 2013 at 6:12 pm

rapeമലപ്പുറം: ഭര്‍ത്താവ് പണത്തിനായി തന്നെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചെന്ന് യുവതിയുടെ പരാതി. തിരുനാവായ സ്വദേശിനിയായ 21 കാരിയാണ് ഭര്‍ത്താവ് അബ്ദുള്‍ റസാക്കിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പരാതി നല്‍കിയത്. യുവതിയുടെ പരാതിപ്രകാരം കല്‍പകഞ്ചേരി പോലീസ് കേസെടുത്തു. ഭര്‍ത്താവും മാതാവും ഭരതൃ സഹോദരന്റെ ഭാര്യയും പീഡനത്തിന് കൂട്ടുനിന്നതായും യുവതി പരാതിയില്‍ പറയുന്നു.

മയക്കുമരുന്ന് നല്‍കിയും ഭീഷണിപ്പെടുത്തിയുമായിരുന്നു ഇതിന് വശംവദയാക്കിയിരുന്നത്. പീഡനരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.. ഇടയ്ക്ക് തനിക്ക് കഴിക്കാനായി ഭര്‍ത്താവ് ജ്യൂസ് നല്‍കുമായിരുന്നെന്നും അത് കുടിച്ചുകഴിഞ്ഞാല്‍ ശരീരം തളരുന്നതുപോലെയും സംസാരശേഷി നശിക്കുന്നതുപോലെയും അനുഭവപ്പെടുമായിരുന്നുവെന്ന് യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ പീഡനം തുടങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഭര്‍ത്താവിനെതിരേയാണ് തുടക്കത്തില്‍ അന്വേഷണം നടത്തുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ബാക്കി പ്രതികളുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.