Connect with us

Kerala

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം പുറത്തായപ്പോള്‍ പിന്തുണക്കാന്‍ വിമുഖത

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം വിവാഹത്തില്‍ പ്രായപരിധി നിശ്ചയിക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ചില മുസ്‌ലിം സംഘടനകള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നെടുത്ത തീരുമാനം സംബന്ധിച്ച് തുടക്കത്തില്‍ തന്നെ കല്ലുകടി. വേണ്ടത്ര കൂടിയാലോചനയും ചര്‍ച്ചകളും നടക്കാതെ യോഗം ചേര്‍ന്ന് തീരുമാനിച്ചതും അതിനേക്കാള്‍ വേഗത്തില്‍ പുറത്തുവിട്ടതുമാണ് അംഗങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നതക്ക് വഴിവെച്ചത്.

യോഗത്തില്‍ പങ്കെടുത്ത ചില സംഘടനകള്‍ തന്നെ യോഗ തീരുമാനം നിഷേധിച്ച് രംഗത്തെത്തിയിരിക്കയാണ്. കാര്യമായി പ്രതികരിക്കാതിരുന്ന മറ്റ് ചില സംഘടനകളുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളാകട്ടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം സാധൂകരിക്കുന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഒരു സര്‍ക്കുലറായിരുന്നു വിവാദത്തിന് തുടക്കം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടന്‍ ഇത് തിരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കി.
എന്നാല്‍ സമസ്തയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിഷയത്തില്‍ അന്ന് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാടിനെ പിന്തുണക്കാന്‍ വിമുഖത കാണിച്ചവരാണ് ഇപ്പോള്‍ ഇതേ നിലപാടുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
വിമത വിഭാഗം സമസ്ത മുന്‍കൈ എടുത്ത യോഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പ്രായനിബന്ധന വെക്കുന്നത് മുസ്‌ലിം വ്യക്തി നിയമ (ശരീഅത്ത്)ത്തിന് എതിരാണെന്നും ഇത് ഭരണഘടനാ അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ശരീഅത്ത് നിയമ സംരക്ഷണ സമിതി എന്ന കൂട്ടായ്മയും രൂപവത്കരിച്ചിരുന്നു. ഇ കെ സമസ്ത, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദിന്റെ ഇരു വിഭാഗങ്ങള്‍, എം ഇ എസ്, എം എസ് എസ് തുടങ്ങിയ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.
എന്നാല്‍ യോഗ തീരുമാനം സംബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി പിന്നീട് പ്രതികരിച്ചത് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ്. 18 വയസ്സാണ് വിവാഹ പ്രായം എന്നത് സംബന്ധിച്ച് മഹല്ലുകളില്‍ ബോധവത്കരണം നടത്തും. നേരത്തെ വിവാഹം കഴിഞ്ഞ 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ ശിക്ഷാ നടപടി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തിലുള്ള നിയമസാധുത പരിശോധിക്കാനാണ് സമിതി രൂപവ്തകരിച്ചതെന്നെല്ലാമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതികരണം. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജമാഅത്ത് നേതൃത്വം പ്രതികരിച്ചു.
എം സി മായിന്‍ ഹാജി, പി എം എ സലാം, അഡ്വ. യു എ ലത്വീഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മായിന്‍ ഹാജി നിയമ സംരക്ഷണ സമിതിയുടെ കണ്‍വീനറുമായിരുന്നു. എന്നാല്‍ യോഗ തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ലീഗ് പ്രതികരിക്കുന്നില്ലെന്നാണ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് നിയമത്തെക്കുറിച്ച് പറയുന്നത് ശരിയല്ല എന്നാണ് ഇ ടിയുടെ വിശദീകരണം.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫും ഇവരുടെ വനിതാ വിഭാഗമായ ഹരിതയും രൂക്ഷമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. സമുദായത്തെ പിറകോട്ടടിക്കുന്ന തീരുമാനമാണ് നേതാക്കള്‍ എടുത്തതെന്നാണ് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി പ്രതികരിച്ചത്. ചില മുസ്‌ലിം സംഘടനകള്‍ എടുത്ത തീരുമാനത്തോട് യോജിക്കാനാകില്ലെന്നാണ് എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത പ്രതികരിച്ചത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സ് എന്ന് നിജപ്പെടുത്തിയതിനെ സംഘടന എതിര്‍ക്കുന്നില്ല. മാത്രമല്ല വിവാഹ പ്രായം 18ന് മുകളിലേക്ക് ഉയര്‍ത്തണം എന്ന അഭിപ്രായം കൂടി “ഹരിത”ക്ക് ഉണ്ട്.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയാല്‍ 10ല്‍ ഒമ്പത് പേരും പ്രായപരിധി ഉയര്‍ത്തണമെന്ന് അഭിപ്രായത്തെ അനുകൂലിക്കുന്നവരാണ്. ഇക്കാര്യത്തില്‍ സംഘടനകളെ നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.

Latest