Connect with us

National

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം: വി കെ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉമര്‍ അബ്ദുല്ല സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അസംബന്ധവുമാണെന്ന് കരസേനാ മുന്‍ മേധാവി ജനറല്‍ വി കെ സിംഗ്.
താന്‍ സ്ഥാപിച്ചെന്ന് പറയപ്പെടുന്ന ടെക്‌നിക്കല്‍ സര്‍വീസസ് ഡിവിഷന്‍ എന്ന രഹസ്യ യൂനിറ്റിനെ കുറിച്ച് പ്രതിരോധ മന്ത്രാലയവും സൈന്യവും അന്വേഷിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഈ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൈമാറിയിട്ടുണ്ട്. പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും പൂര്‍ണ സമ്മതത്തോടെയാണ് യൂനിറ്റ് സ്ഥാപിച്ചതെന്നും സിംഗ് വ്യക്തമാക്കി.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി താന്‍ വേദി പങ്കിട്ടതുള്‍പ്പെടെയുള്ള പല കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനറല്‍ വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ, 2010 മെയില്‍ മിലിട്ടറി ഇന്റലിജന്‍സിന് കീഴില്‍ ടെക്‌നിക്കല്‍ സര്‍വീസസ് ഡിവിഷന്‍ (ടി എസ് ഡി) എന്ന പ്രത്യേക വിഭാഗം രൂപവത്കരിച്ചിരുന്നു. ടി എസ് ഡി വഴി ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ രഹസ്യ ഫണ്ട് തിരിമറി നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിനായി ജമ്മു കാശ്മീരിലെ കൃഷി മന്ത്രി ഗുലാം ഹസന്‍ മീറിന് 1.19 കോടി രൂപ നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ട “ദ ഇന്ത്യന്‍ എക്‌സ്പ്രസ”് പത്രം പറയുന്നു. എന്നാല്‍, ഇക്കാര്യം മീര്‍ നിഷേധിച്ചിട്ടുണ്ട്.

Latest