ആകുലതകള്‍ പങ്ക്‌വെച്ച് കവിതകള്‍

  Posted on: September 21, 2013 11:43 pm | Last updated: September 21, 2013 at 11:43 pm
  SHARE

  മണ്ണാര്‍ക്കാട്: എന്തേ കരയുന്നു നീ സുന്ദരീ…
  റിഫ്രഷര്‍ അക്വോറിയത്തില്‍
  ഫിഷ്ഫുഡ് കൊത്തിപ്പെറുക്കി
  സന്തോഷിച്ചു രസിക്ക നീ….
  സംസ്ഥാന സാഹിത്യോത്സവില്‍ നടന്ന ക്യാമ്പസ് കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിതയുടെ ആദ്യ വരികളാണിവ.
  അക്വാറിയത്തില്‍ മീനുകള്‍ കണ്ട സുന്ദര സ്വപ്‌നം എന്നതായിരുന്നു മത്സര വിഷയം. അക്വാറിയത്തിനകത്തിരുന്ന് കോര്‍പ്പറേറ്റുകള്‍ക്കെതിരെയും ജനത്തെ മറന്ന് കൊടിവെച്ച കാറില്‍ പറക്കുന്ന നേതൃത്വത്തിനെതിരെയും ശബ്ദിക്കുകയാണ് ഈ കവിത. കൂരിരുട്ടിന്‍ മറവില്‍ പിച്ചിച്ചീന്തിയവര്‍ മാന്യന്‍മാരായി വിലസുന്നത് കണ്ടിരിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥയും ദിവാസ്വപ്‌നം എന്ന കവിതയിലൂടെ കോട്ടയം ജില്ലയിലെ അലി എന്ന വിദ്യാര്‍ഥി അവതരിപ്പിക്കുന്നുണ്ട്.
  ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചനയില്‍ ഒന്നാംസ്ഥാനം നേടിയ മരക്കൊമ്പ് എന്ന കവിത മരിക്കുന്നതിന് മുമ്പുള്ള വൃക്ഷത്തിന്റെ ആത്മഗതമാണ് പറയുന്നത്. നട്ടുച്ചസൂര്യന്‍ കത്തി ജ്വലിക്കുന്നു… നയനങ്ങളില്‍ നിറനനവ് പടരുന്നു… നഷ്ടപ്പെടാത്ത ആ വൃക്ഷ ചില്ല…നഷ്ടങ്ങളുടെ കണ്ണീര്‍മണികളുതിര്‍ക്കുന്നു… എന്നിങ്ങനെ പോകുന്നു കവിതയിലെ വരികള്‍. കണ്ണൂരില്‍ നിന്നുളള ദാവൂദ് എന്ന വിദ്യാര്‍ഥിയുടെതാണ് ഈ കവിത. വെട്ടിമുറിക്കാനെത്തുന്ന വൃക്ഷത്തിന്റെ വേദനയാണ് വിദ്യാര്‍ഥി കവിതയിലൂടെ പങ്ക് വെക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ വയനാട് ജില്ലയിലെ ഷിബിലിയും ഹയര്‍ സെക്കന്‍ഡറിയില്‍ മലപ്പുറത്ത് നിന്നുള്ള ഇഹ്തിസാമും വിജയികളായി.