ഫാസ്റ്റ് ഫുഡ് കട അക്രമിച്ച് പണം കവര്‍ന്നു

Posted on: September 21, 2013 12:12 am | Last updated: September 21, 2013 at 12:12 am

കണ്ണൂര്‍: പയ്യാമ്പലത്ത് ഫാസ്റ്റ്ഫുഡ് കട അക്രമിച്ച് പണം കൊള്ളയടിച്ചു. അക്രമത്തില്‍ ഉടമക്കും മകനും പരുക്കേറ്റു. പയ്യാമ്പലം ബീച്ചിനു സമീപത്തെ മാതൃകാ ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. രാത്രി കട അടയ്ക്കുന്നതിനു മുന്നോടിയായി പണം എണ്ണിത്തിട്ടപ്പെടുത്തി വരുന്നതിനിടെ പണം കൈക്കലാക്കാനാണ് ഒരു സംഘം എത്തിയത്. ഉടമ പയ്യാമ്പലം ശ്യാമ നിവാസില്‍ ഷാജി (47), മകന്‍ ഷിബിന്‍ (19) എന്നിവര്‍ ചേര്‍ന്നു തടയാന്‍ ശ്രമിച്ചെങ്കിലും കടയില്‍ അക്രമം നടത്തി 7,500 രൂപയുമായി സംഘം കടന്നുകളയുകയായിരുന്നുവെന്നു പറയുന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘം കടയ്ക്കു സമീപം വാഹനം നിര്‍ത്തിയ ശേഷമാണു കടയിലെത്തിയത്. പരുക്കേറ്റ ഷാജിയെയും ഷിബിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.