കുട്ടികള്‍ക്കുള്ള നിയമ പരിരക്ഷ: ജില്ലയിലെ പോലീസ് വീഴ്ച വരുത്തുന്നു -സി ഡബ്ല്യു സി

Posted on: September 21, 2013 12:03 am | Last updated: September 21, 2013 at 12:03 am

കല്‍പറ്റ: കുട്ടികള്‍ക്കുള്ള നിയമ പരിരക്ഷയുടെ കാര്യത്തില്‍ ജില്ലയിലെ പോലീസിന്റെ ഭാഗത്തുനിന്നും ഗൗരവമായ വീഴ്ചകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതായി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യു സി). ഈ മേഖലയില്‍ നിയമവാഴ്ച തന്നെ പാടേ തകരാറിലായിരിക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിരീക്ഷിച്ചു.
മേപ്പാടിയിലെ ചില നാട്ടുകാരുടെ പീഡനത്തിനിരയായ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നിലോ, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്നിലോ ഹാജരാക്കാന്‍ തയ്യാറാകാതെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ താമസിപ്പിച്ചതാണ് കുട്ടികള്‍ക്ക് നേരെ ജില്ലയില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി കമ്മിറ്റി ചൂണ്ടിക്കാട്ടി.
കുറ്റാരോപിതരോ പീഡിതരോ ആയിട്ടുള്ള കുട്ടികളുടെ കാര്യത്തില്‍ കൈകൊള്ളേണ്ട നിയമാനുസൃത നടപടിക്രമങ്ങളെകുറിച്ച് ബാലനീതി നിയമത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയാണ് കുട്ടികളോടുള്ള നീതി നിഷേധത്തിന് പിന്നില്‍ എന്നും സി ഡബ്ല്യു സി വിലയിരുത്തി.
മേപ്പാടിയില്‍ ക്രൂരമായി മര്‍ദനമേറ്റ അനൂപ്, അന്‍സാദ് എന്നീ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അംഗങ്ങളായ ടി.ബി. സുരേഷ്, ഡോ. ബെറ്റി ജോസ് എന്നിവര്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട് എന്ന് കമ്മിറ്റിക്ക് ബോധ്യമായിട്ടുണ്ട്. ഇതിനുത്തരവാദികളായ മുഴുവന്‍പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ പോലീസ് നടപടികള്‍ എടുക്കണം. സംഭവത്തില്‍ വെറും കാഴ്ചക്കാരായി നോക്കിനിന്ന അധ്യാപകര്‍ക്കെതിരെയും നിയമ നടപടികള്‍ ഉണ്ടാകണം.
പോലീസ് സ്റ്റേഷനില്‍ ശാരീരികമായി പീഢിപ്പിച്ചു ഭക്ഷണവും വെള്ളവും നല്‍കാതെയും ഏകദേശം 20 മണിക്കൂറുകളോളം കുട്ടികളെ തടങ്കലില്‍ വയ്ക്കുകയും പരുക്കുകള്‍ വ്യക്തമായി കാണാമായിരുന്നെങ്കിലും കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്ത സാഹചര്യങ്ങളെകുറിച്ച്, ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി സംഭവത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഉടന്‍ നടപടികളെടുക്കണം. ബാലനീതി നിയമം, കുട്ടികളെ ലൈംഗീകാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള നിയമം എന്നിവയെ കുറിച്ച് ജില്ലയിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് മതിയായ ബോധവത്ക്കരണം നല്‍കാനും ജില്ലാ പോലീസ് മേധാവി തയ്യാറാവണം.
മേപ്പാടിയില്‍ വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ട സംഭവത്തെകുറിച്ചും പോലീസ് സ്റ്റേഷനില്‍ കുട്ടികള്‍ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തി സി ഡബ്ല്യു സി തുടര്‍ നടപടികള്‍ സ്വീകരിക്കും.