സംഘ്പരിവാര്‍ പുറപ്പാട് മതേതരത്വം തകര്‍ക്കാന്‍: ഇ അഹ്മദ്

Posted on: September 21, 2013 6:00 am | Last updated: September 20, 2013 at 10:45 pm

കോട്ടക്കല്‍: ഇന്ത്യയിലെ മത സൗഹാര്‍ദ്ദം നഷ്ടപ്പെടുത്തുന്നതിനുള്ള പുറപ്പാടുകളാണ് സംഘ് പരിവാര്‍ ശക്തികള്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹ്മദ്. പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് തിഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ശക്തികളുടെ കൂട്ടായ്മ ഏറെ അനിവാര്യമായ അവസരമാണിപ്പോള്‍. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ വെല്ലുവിളികള്‍ മുസ്‌ലിം ലീഗ് ഒരിക്കലും പ്രശ്‌നമാക്കാറില്ല. എന്നും മതേതരത്വം ഉയര്‍ത്തി പിടിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം ഒരിക്കലും കൈവിടാന്‍ പാര്‍ട്ടി ഒരുക്കമായിട്ടില്ല. സാമുദായിക സൗഹാര്‍ദ്ദമാണ് പാര്‍ട്ടിക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ നരേന്ദ്ര മോഡിയുടെ വരവിനെ തടയേണ്ടത് അനിവാര്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന് ലീഗിന് ആരേയും കാത്തിരിക്കേണ്ടതില്ല. ഇത് ജയിക്കാനും കൂടെ നില്‍ക്കുന്നവരെ ജയിപ്പിക്കാനുമുള്ള പുറപ്പാടാണ്. തുടക്കം ശുഭമാണ്. പലരുടെയും ജയത്തിന് പിന്നില്‍ ലീഗാണ് മുന്നില്‍. വിലക്കയറ്റം കൂടി വരുന്നുണ്ട്. ആര് ഭരിച്ചാലും ഇത് തുടരും. ഇത് കുറക്കാന്‍ ഒരു രാഷ്ട്രീയക്കാരന്റെ മുമ്പിലും അത്ഭുത വിളക്കില്ലെന്നും അദ്ദേഹം പറഞ്ഞു.