ജില്ലയില്‍ 17 ചെക്ക്ഡാം ക്രോസ്ബാറുകള്‍ നിര്‍മിക്കും

Posted on: September 20, 2013 6:50 pm | Last updated: September 20, 2013 at 6:50 pm

കാസര്‍കോട്: ജില്ലയില്‍ കാര്‍ഷിക ജലസേചനത്തിനായി ജില്ലാപഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 17 ഓളം ചെക്ക് ഡാമുകളും ക്രോസ്ബാറുകളും നിര്‍മിക്കും. പദ്ധതികള്‍ക്ക് 35.78 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പദ്ധതികള്‍ നടപ്പാക്കുന്നതിന് റെയ്ഡ്‌കോ പുതുക്കിയ എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു.
പദ്ധതി നടപ്പിലാക്കാന്‍ അധികം വരുന്ന തുകയില്‍ 30 ലക്ഷം രൂപാ വരെ ജില്ലാപഞ്ചായത്ത് ഫണ്ടില്‍നിന്നും ചെലവഴിക്കും. ഇത്തരത്തില്‍ പത്ത് പദ്ധതികള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വീതം അനുവദിക്കും. എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവില്‍ മൂന്ന് പദ്ധതികളും നടപ്പിലാക്കാന്‍ റെയ്ഡ്‌കോ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റില്‍ വന്‍തുക വര്‍ധനവ് വന്ന മുളിയാര്‍ എരിഞ്ഞിപ്പുഴ ക്രോസ് ബാര്‍-നാല് കോടി, കാറഡുക്കയിലെ ആദൂര്‍ ക്രോസ്ബാര്‍ 4.30 കോടി, അത്തനാടി ക്രോസ്ബാര്‍ 5.13 കോടി, വെസ്റ്റ് എളേരിയിലെ എരുമക്കയം ക്രോസ്ബാര്‍ 2.75 കോടി എന്നീ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാറില്‍നിന്നും ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നേരത്തേ തയ്യാറാക്കിയ എസ്റ്റിമേറ്റിലും കുറവ് തുക കാണിച്ച് തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പാക്കുന്ന പദ്ധതികളായ ദേലംപാടി പളളത്തൂര്‍ ചെക്ക് ഡാം 1.04 കോടി, ചെങ്കള കുന്നികുണ്ടില്‍ ക്രോസ്ബാര്‍ 1.10 കോടി, വാഴക്കേമാവില്‍ ചെക്ക് ഡാം 64 ലക്ഷം എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു.
ദേലംപാടി പളളഞ്ചി ചെക്ക് ഡാം 1.70 കോടി, ചെറുവത്തൂര്‍ പളളത്തറ വെങ്ങാട്ട് പാലം ക്രോസ്ബാര്‍ 2.08 കോടി, മടിക്കൈ കാരക്കോട് ചെക്ക് ഡാം 1.33 കോടി, ചെങ്കള പാടി ചെക്ക് ഡാം 1.25 കോടി, കിനാനൂര്‍-കരിന്തളം മാനൂരിച്ചാല്‍ ക്രോസ്ബാര്‍ 1.44 കോടി, പനത്തടി പുലിക്കടവ് ക്രോസ്ബാര്‍ 1.84 കോടി, വട്ടക്കയം ക്രോസ് ബാര്‍ 1.90 കോടി, മീഞ്ച പട്ടത്തൂര്‍ മംഗല്‍പാടി ചെക്ക് ഡാം 3.42 കോടി, പുല്ലൂര്‍ പെരിയ പടങ്ങോട്ട് കൊടവലം ചെക്ക് ഡാം ഒരു കോടി, കുമ്പള ആനക്കല്ല് ചെക്ക് ഡാം 86 ലക്ഷം എന്നീ പദ്ധതികള്‍ക്ക് വേണ്ടി വരുന്ന അധിക തുക ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നും അനുവദിക്കും.
ജില്ലയില്‍ ഉപ്പളയിലെ നയാബസാര്‍, മാലക്കല്ല്, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ സ്ഥപിക്കാനും പട്ടികജാതിക്കാര്‍ക്കുളള പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ ഭൂമി ലഭ്യമാക്കാനുളള നടപടികളും സ്വീകരിക്കും. സ്‌കൂള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ചില പി ടി എ കമ്മിറ്റികള്‍ താത്പര്യം കാണിക്കുന്നില്ലെന്നും ഇതിന് ബദല്‍സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ കീഴിലുളള ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണി ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കും. ഇതിനാവശ്യമായ തുക മെയിന്റനന്‍സ് ഫണ്ടില്‍നിന്നും അനുവദിക്കും.
ജില്ലാപഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ജനാര്‍ദ്ദനന്‍, ഓമനാരാമചന്ദ്രന്‍, മമതദിവാകര്‍ എന്നിവര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.