ആണവബാധ്യതാ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു

Posted on: September 20, 2013 6:01 am | Last updated: September 20, 2013 at 11:32 pm

usa-india-puzzle_0ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ആണവ ബാധ്യതാ നിയമത്തിന്റെ ചിറകരിയാന്‍ നീക്കം. ആണവ ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത വിദേശ കമ്പനികളില്‍ നിന്ന് നഷ്ടത്തിന്റെ ഒരു ഭാഗം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ ഇളവ് നല്‍കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമത്തില്‍ ഇളവ് വരുത്തി അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസ് ഇലക്ട്രിക് കമ്പനിയുമായി കരാര്‍ ഒപ്പ് വെക്കാനാണ് ശ്രമം. മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ പര്യടന വേളയില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വെസ്റ്റിംഗ്ഹൗസും കരാറില്‍ ഒപ്പു വെക്കും.
ഇക്കാര്യം പരിഗണിക്കുന്ന മന്ത്രിതല സമിതി, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ നിയമോപദേശം തേടി. ആണവ ദുരന്തം നടക്കുന്ന പക്ഷം അതിന്റെ നഷ്ടപരിഹാര ബാധ്യത അതത് വിദേശ കമ്പനികള്‍ വഹിക്കേണ്ടി വരുമെന്ന വകുപ്പില്‍ മാറ്റം വരുത്താമെന്നാണ് വഹന്‍വതി നല്‍കിയ നിയമോപദേശം.
സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് എന്ന ആണവ ബാധ്യതാ ബില്ലിലെ സെക്ഷന്‍ 17 ആണ് വിദേശ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് അനുശാസിക്കുന്നത്. എന്നാല്‍, ഈ വകുപ്പ് നടപ്പാക്കുന്നതിനുള്ള വിവേചനാധികാരം ആണവ നിലയം നടത്തുന്ന സ്ഥാപനത്തിന് നല്‍കണമെന്ന നിയമോപദേശമാണ് വഹന്‍വതി നല്‍കിയിരിക്കുന്നത്. ഈ നയം സ്വീകരിച്ചാല്‍ ആണവ പ്ലാന്റ് ഓപറേറ്റര്‍മാരെ സ്വാധീനിച്ച് വിദേശ കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങും. ഇന്ത്യ- യു എസ് ആണവ കരാര്‍ പ്രകാരം ആണവ വ്യാപാരം നടത്തുന്നതിന് അമേരിക്കന്‍ കമ്പനികള്‍ ചൂണ്ടിക്കാണിച്ച പ്രധാന തടസ്സം ആണവബാധ്യതാ നിയമത്തിലെ കര്‍ശന വ്യവസ്ഥകളായിരുന്നു. ഈ നിയമത്തില്‍ ഇളവുകള്‍ നല്‍കുന്നതോടെ അമേരിക്കന്‍ കമ്പനികള്‍ സംതൃപ്തരാകും. ഇത്തരമൊരു നീക്കുപോക്കിന് മന്‍മോഹന്‍ സിംഗിനുമേല്‍ വന്‍ സമ്മര്‍ദം നടന്നുവരുന്നുവെന്നാണ് വിലയിരുത്തല്‍. ആണവ ബാധ്യതാ നിയമം ഉപേക്ഷിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാണ് അമേരിക്കന്‍ ലോബി ആവശ്യപ്പെടുന്നത്.
അതിനിടെ, സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. നിയമത്തില്‍ ഇളവ് വരുത്താനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഇടതു പാര്‍ട്ടകള്‍ വ്യക്തമാക്കി. രാജ്യതാത്പര്യത്തിന് നിരക്കാത്ത നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയും ആരോപിച്ചു. അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ രാജ്യതാത്പര്യം ബലി കഴിക്കുകയാണെന്ന് ബി ജെ പിയും കുറ്റപ്പെടുത്തി. അതേസമയം, ആണവ ബാധ്യതാ നിയമത്തില്‍ യാതൊരു ഇളവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഇന്ത്യക്ക് ഊര്‍ജ പ്രതിസന്ധി മറികടക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ച് മാത്രമേ അത് സാധ്യമാക്കൂ എന്നും അദ്ദേഹം പറഞ്ഞു.