പോര്‍ട്ടര്‍ വേഷത്തിലെത്തി കവര്‍ച്ച; രണ്ട് പേര്‍ പിടിയില്‍

Posted on: September 20, 2013 12:51 am | Last updated: September 20, 2013 at 12:51 am

കോഴിക്കോട്:പകല്‍ പോര്‍ട്ടര്‍ വേഷത്തിലെത്തി കറങ്ങി നടന്ന് രാത്രിയില്‍ കടകളില്‍ കവര്‍ച്ച നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. കല്ലായ് ചക്കുംകടവ് പുളിക്കല്‍തൊടി സൈനുദ്ദീന്‍(44), കൊളത്തറ കുനിയില്‍ വീട്ടില്‍ സൈതലവി(53) എന്നിവരെയാണ് ഇന്നലെ ടൗണ്‍ സി ഐ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ടൗണ്‍ സി ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. വലിയങ്ങാടി കേന്ദ്രീകരിച്ച് മോഷണം നടത്തി കളവ് മുതല്‍ ഇവിടെയുള്ള കടകളില്‍ തന്നെ വില്‍ക്കുന്നതാണ് ഇവരുടെ രീതി.
മോഷണ മുതലുകളടക്കം ഇന്നലെ രാവിലെ ബീച്ചിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ചെറൂട്ടി റോഡിലെ പ്രിയ ട്രേഡേഴ്‌സ്, കൈപാട്ട് ട്രേഡേഴ്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ നിന്ന് ചാക്ക് കണക്കിന് കുരുമുളക്, അടക്ക എന്നിവ മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
പോര്‍ട്ടര്‍ വേഷത്തില്‍ കടകളില്‍ കയറിയിറങ്ങി സ്ഥലം കണ്ടുവെച്ച് രാത്രിയില്‍ ഓടിളക്കിയും, ഷീറ്റുകള്‍ പൊളിച്ചും അകത്ത് കടന്നാണ് മോഷണം നടത്തിയിരുന്നത്. കളവ് നടത്തിക്കഴിഞ്ഞാല്‍ ഓട്ടോ വിളിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. പിറ്റേന്നു തന്നെ ഇവര്‍ വലിയങ്ങാടിയിലുള്ള കടകളില്‍ വില്‍ക്കുകയും ചെയ്യും.
നിരവധി കടകളില്‍ മോഷണം നടത്തിയതിന് 2008ല്‍ ഇവര്‍ പോലീസ് പിടിയിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.