ഡല്‍ഹി ബലാത്സംഗ കേസിലെ രണ്ട് പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

Posted on: September 19, 2013 10:53 am | Last updated: September 19, 2013 at 10:53 am

dalhi-rapeന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികള്‍ക്ക് പഠനം തുടരുന്നതിന് കോടതിയുടെ അനുമതി. വിനയ്ശര്‍മ്മ, അക്ഷയ്‌സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് പഠനം തുടരുന്നതിന് അനുമതി നല്‍കിയത്. തീഹാര്‍ ജയിലില്‍ ഡല്‍ഹി സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ സൗകര്യം ഉപയോഗിച്ചാണ് ഇരുവരും പഠനം തുടരുക. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന് പഠിക്കുമ്പോഴായിരുന്നു വിനയ് അറസ്റ്റിലാകുന്നത്. കേസിലെ മറ്റു പ്രതികളായ മുകേഷ്, പവന്‍ ഗുപ്ത, എന്നിവര്‍ക്കൊപ്പം മറ്റൊരു കേസില്‍ വിചാരണ നേരിടുമ്പോഴാണ് പഠിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്. പഠിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് വാദിച്ചതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് പഠിക്കാനുള്ള അനുമതി നല്‍കിയത്. ഈ മാസം 13 നായിരുന്നു ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചത്.