പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Posted on: September 19, 2013 7:00 am | Last updated: September 19, 2013 at 8:00 am

പാലക്കാട്: ഓണക്കാലത്ത് വിവിധവകുപ്പുകള്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേടുകള്‍കണ്ടെത്തി. സിവില്‍ സപ്ലൈസ് സംസ്ഥാനത്താകെ 2700 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സിവില്‍സപ്ലൈസ് വിജിലന്‍സ് പരിശോധന നടത്തിയ 284 റേഷന്‍കടകളില്‍ 271 ഇടത്തും സാധനങ്ങള്‍ മറിച്ചുകടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലീഗല്‍ മെട്രോളജി 634 പേര്‍ക്കെതിരെ കേസെടുത്തു. പാക്കറ്റില്‍ കൃത്രിമം കാണിച്ചതിന് മാത്രം മൂന്ന് പാല്‍കമ്പനികളടക്കം 218 കമ്പനികള്‍ക്കെതിരെയാണ് ലീഗല്‍ മെട്രോളജി കേസെടുത്തത്. 8,51000 രൂപ പിഴയും ഈടാക്കി.—ത്രാസുകളില്‍ കൃത്രിമം കാണിച്ചതിന് 306 കേസുകള്‍, അളവില്‍കുറച്ച് മദ്യം വിറ്റതിന് 16 ബാറുകള്‍ക്കെതിരെയും നടപടിയെടുത്തു.—
വാങ്ങാത്ത ആളുകളുടെ റേഷന്‍ കാര്‍ഡുകളില്‍ വാങ്ങിയെന്ന് രേഖപ്പെടുത്തിയാണ് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ മറിച്ച് കടത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ 271 കടകളില്‍ മൂന്നു കിന്റലില്‍ കൂടുതല്‍ സാധനങ്ങള്‍ കടത്തിയ ആറ് കടകള്‍ സസ്‌പെന്‍ഡ് ചെയ്തു. ബാക്കിയുള്ളവയ്ക്കുള്ള പിഴ ഈടാക്കി. പരിശോധിച്ച 16 മൊത്തവ്യാപര ഡിപ്പോകളില്‍ 15 ഇടത്തും ക്രമക്കേട് കണ്ടെത്തിതായി വിജിലന്‍സ് വിഭാഗം അറിയിച്ചു. മാവേലി സ്‌റ്റോറുകള്‍ ഉള്‍പ്പടെ പൊതുവിപണിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1156 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1106 പച്ചക്കറി വ്യാപാരികള്‍ക്കെതിരെയും 426 ഹോട്ടലുടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.