കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലേക്കുള്ള റോഡിന്റെ ദുരവസ്ഥക്ക് മാറ്റമില്ല

Posted on: September 19, 2013 7:58 am | Last updated: September 19, 2013 at 7:58 am
SHARE

ലക്കിടി: പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയില്‍ മംഗലം സ്‌റ്റോപ്പിന് തൊട്ടുമുമ്പായി രണ്ടുകിലോമീറ്റര്‍ നീളത്തിലുള്ള റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംസ്ഥാനപാതയില്‍ കുഞ്ചന്‍സ്മാരക റോഡ് ആരംഭിക്കുന്നിടത്ത് സ്ഥാപിച്ച മിഴാവെന്ന് പറയപ്പെടുന്ന രണ്ട് രൂപങ്ങളാണ് റോഡിന്റെ സൂചകം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന വിദ്യാര്‍ഥികളടക്കമുള്ള വിനോദയാത്രക്കാര്‍ ബസ് കുഞ്ചന്‍ റോഡിലേക്ക് തിരിഞ്ഞ് 50 മീറ്റര്‍ പോകുമ്പോഴാണ് റോഡിന്റെ അവസ്ഥ നേരിട്ടറിയുന്നത്.

ഓട്ടോറിക്ഷപോലും വരാന്‍ മടിക്കുന്ന ഈ റോഡിലേക്ക് അധികാരപ്പെട്ടവരാരും തിരിഞ്ഞുനോക്കുന്നില്ല. രണ്ടുവര്‍ഷംമുമ്പ് കളക്ടറുടെ വരള്‍ച്ചാദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭിച്ച 5 ലക്ഷം രൂപ കൊണ്ട് അങ്ങിങ്ങ് ചെയ്ത ചെറിയ അറ്റകുറ്റപ്പണികളാണ് റോഡില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. ടൂറിസംവകുപ്പിന്റെ പട്ടികയില്‍ ഇടംപിടിച്ച കേന്ദ്രമാണ് നമ്പ്യാര്‍ സ്മാരകമെങ്കിലും ടൂറിസം വകുപ്പും ഇക്കാര്യത്തില്‍ പുറംതിരിഞ്ഞുനില്‍പ്പാണ്.
കുഞ്ചന്‍ റോഡിന്റെ പരിപാലനച്ചുമതല ടൂറിസംവകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലക്കിടിപേരൂര്‍ പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കിയിട്ട് വര്‍ഷം കഴിഞ്ഞു. സംസ്ഥാനപാതയില്‍ കുഞ്ചന്‍ റോഡിന് തൊട്ടുമുമ്പ് സ്മാരകത്തിലേക്ക് ദിശകാണിക്കുന്ന ടൂറിസംവകുപ്പിന്റെ ഒരു ബോര്‍ഡുണ്ട്.