മതനിരപേക്ഷ സംസ്‌കാരം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികളുടെ നീക്കം: ഇ പി ജയരാജന്‍

Posted on: September 19, 2013 2:37 am | Last updated: September 19, 2013 at 2:42 am

പഴയങ്ങാടി: രാജ്യത്തെ മതനിരപേക്ഷ സംസ്‌കാരത്തെ തകര്‍ക്കുന്ന സമീപനമാണ് വര്‍ഗീയ ശക്തികളായ എസ് ഡി പി ഐ, ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ഇ പി ജയരാജന്‍ എം എല്‍ എ പറഞ്ഞു. ഇത്തരക്കാര്‍ രാജ്യത്ത് ശിഥിലീകരണം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സഹായത്തോടെ ഇരിണാവ് സി ആര്‍ സി ഗ്രന്ഥാലയത്തിന് പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസാഹോദര്യം തകര്‍ക്കുന്ന നിലപാടാണ് വര്‍ഗീയ ശക്തികള്‍ സ്വീകരിക്കുന്നത്. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകില്ല. ഒരു കലാപവും മനുഷ്യന് സംരക്ഷണം നല്‍കിയിട്ടില്ല. വിപ്ലവം എന്നാല്‍ കലാപമല്ല. രാജ്യത്തിന്റെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായവും നാട്ടുകാര്‍ സ്വരൂപിച്ച തുകയും ഉപയോഗിച്ചാണ് ഗ്രന്ഥശാല കെട്ടിടം പൂര്‍ത്തിയാക്കിയത്. റഫറന്‍സ് ലൈബ്രറി ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള അധ്യക്ഷത വഹിച്ചു. പുസ്തക സമാഹരണം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കണ്ണന്‍ നിര്‍വഹിച്ചു.