പ്രാഥമിക സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: കോടിയേരി

Posted on: September 19, 2013 2:33 am | Last updated: September 19, 2013 at 2:33 am

വെള്ളമുണ്ട: ഗ്രാമീണമേഖലകളിലെ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും, നബാര്‍ഡും, റിസര്‍വ്വ് ബേങ്കും കൂടി കൊണ്ടുവരുന്ന പുതിയ നിയമം പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എ.ടി.എം. അധാര്‍ ലിങ്കിംഗ് സംവിധാനങ്ങളേര്‍പ്പെടുത്താന്‍ വേണ്ട സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ച് അവയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തരിയോട് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടവും, ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്ത് സ്വകാര്യ ബാങ്കുകള്‍ തുടങ്ങാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി നല്‍കുകയും പ്രാഥമിക സഹകരണ ബേങ്കുകള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുന്നത് ഗ്രാമീണ കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുമെന്നും അദേഹം ചൂണ്ടികാട്ടി. ബാങ്ക് പ്രസിഡന്റ് ടി ഡെന്നിസ് അധ്യക്ഷത വഹിച്ചു. 1932ല്‍ ഐക്യനാണയ സംഘമായി പ്രവര്‍ത്തനമാരംഭിച്ച തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 19922ലാണ് സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. കഴിഞ്ഞ 155വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് 122വര്‍ഷമായി അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി വരുന്നുണ്ട്. ചടങ്ങില്‍ അംഗങ്ങളുടെ മക്കള്‍ക്കുള്ള എസ് എസ് എല്‍ സി, പ്ലസ്ടു അവാര്‍ഡ് വിതരണവും, ചെന്നലോട് ടേബിള്‍ടെന്നീസ് താരങ്ങള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എം ബഷീര്‍ നിര്‍വഹിച്ചു. നിക്ഷേപ സമാഹരണയജ്ഞം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ നാരായണനും, വായ്പാവിതരണം ബ്ലോക്ക് മെമ്പര്‍ എം കെ ദേവദാസനും നിര്‍വഹിച്ചു. എം പുഷ്‌കരാക്ഷന്‍, ഗ്രേസി മാത്യു, ജോസഫ്, ടി ഒ ബാബു എന്നിവര്‍ പ്രസംഗിച്ചു.