നിര്‍ണായക തെളിവുകള്‍ സിറിയ റഷ്യക്ക് കൈമാറി

Posted on: September 19, 2013 12:28 am | Last updated: September 19, 2013 at 12:28 am

ദമസ്‌കസ് / മോസ്‌കോ: കഴിഞ്ഞ മാസം ദമസ്‌കസിന് സമീപത്തുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നില്‍ സിറിയന്‍ വിമതരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിറിയന്‍ സര്‍ക്കാര്‍ റഷ്യക്ക് കൈമാറി. ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപണം ആവര്‍ത്തിക്കുന്നതിനിടെയിലാണ് സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍ മുഅല്ലിം തെളിവുകള്‍ കൈമാറിയത്.
ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ വിമതരാണെന്ന് നേരത്തെ സിറിയയും റഷ്യയും വ്യക്തമാക്കിയിരുന്നു. വിദഗ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി സെര്‍ജി റൈബകോവിന് ലഭിച്ചതായി റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സന്ദര്‍ശനത്തിനെത്തിയ റൈബോകോവ് മുഅല്ലിമുമായി നടത്തിയ ചര്‍ച്ചയിലാണ് രേഖകള്‍ കൈമാറിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നില്‍ വിമതരുടെ കരങ്ങളാണെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിനെ കുറിച്ച് വിദഗ്ധ സംഘം പഠനം നടത്തുമെന്നും റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി റൈബകോവ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സിറിയയിലെ അലെപ്പോയിലും മറ്റും വിമതര്‍ രാസായുധം പ്രയോഗിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ റഷ്യയുടെ കൈവശമുണ്ട്.
സിറിയന്‍ പ്രക്ഷോഭ നഗരമായ ഗൗത്തയില്‍ മാരകമായ സറിന്‍ വാതകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മനുഷ്യ ഞരമ്പുകളെ ബാധിക്കുന്ന ഭീകരമായ രാസായുധ പ്രയോഗമാണ് അവിടെ നടന്നതെന്നും രണ്ട് ദിവസം മുമ്പ് യു എന്‍ സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യം തന്നെയാണെന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
അതിനിടെ, സിറിയയിലെ രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് യു എന്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് റഷ്യ ആരോപിച്ചു. യു എന്‍ രാസായുധ വിദഗ്ധന്‍ ആക് സെല്‍സ്‌ട്രോമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം കേവലം ആഗസ്റ്റ് 21ലെ ആക്രമണത്തില്‍ ഒതുങ്ങിയിട്ടുണ്ടെന്നും അതിന് മുമ്പും നിരവധി തവണ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി പറഞ്ഞു.
ആക്രമണം നടത്തിയത് സിറിയന്‍ സൈന്യമാണെന്ന മുന്‍ധാരണയിലാണ് സംഘം അന്വേഷണം നടത്തിയതെന്നും യു എന്‍ റിപ്പോര്‍ട്ടിനെ വിശ്വസിക്കാന്‍ റഷ്യക്ക് പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഷ്യന്‍ ആരോപണം യു എന്‍ അന്വേഷണ സംഘത്തിന്റെ മേധാവി സെല്‍സ്‌ട്രോം തള്ളി.