Malappuram
ടാഗോറിന്റെ കൈയക്ഷരങ്ങള്‍ പഠിക്കാന്‍ കമ്പൂട്ടര്‍ സോഫ്റ്റ്‌വെയര്‍
അരീക്കോട്: രവീന്ദ്രനാഥ് ടാഗോറിന്റെ കൈയക്ഷരങ്ങള്‍ പഠിക്കാന്‍ കമ്പൂട്ടര്‍ സോഫ്റ്റ്‌വെയര്‍. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടി(ഐ എസ് ഐ)ന്റെ കമ്പ്യൂട്ടര്‍ വിഷന്‍ ആന്‍ഡ് പാറ്റേണ്‍ റകഗ്‌നീഷന്‍ യൂനിറ്റ് ആണ് ലോക പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജോതാവും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ രചയിതാവുമായ ടാഗോര്‍ കുറിച്ചിട്ട കൈയക്ഷരങ്ങളില്‍ അടങ്ങിയിട്ടുള്ള രഹസ്യങ്ങള്‍ കണ്ടെത്താന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്. ടാഗോര്‍ കൃതികളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കൈയക്ഷരങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇതാദ്യമാണ്. പേപ്പറില്‍ നിന്ന് പേന എടുക്കാതെ അക്ഷരങ്ങളും വാക്കുകളും കൂട്ടിച്ചേര്‍ത്ത് എഴുതിയിട്ട ടാഗോറിന്റെ കുറിപ്പുകള്‍ പ്രത്യക്ഷത്തില്‍ കുത്തിവരയായി തോന്നുമെങ്കിലും ആശയസമ്പുഷ്ടമായ എഴുത്തുകളാണിവയെന്ന് സാഹിത്യലോകം വിലയിരുത്തിയിട്ടുള്ളതാണ്. വലതു വശത്തേക്ക് വളച്ച് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു ടാഗോര്‍ ബംഗാളി അക്ഷരങ്ങള്‍ എഴുതിയിരുന്നത്. സാധാരണ എഴുതുന്നതില്‍ നിന്ന് വളരെയധികം വ്യത്യാസപ്പെടുത്തി തനിക്കു മാത്രം മനസ്സിലാകും വിധം മനപ്പൂര്‍വം കുറിച്ചിട്ടവയാണെന്നാണ് കരുതുന്നത്. ടാഗോറിന്റെ കുത്തിവരകളിലെ രഹസ്യം പുറത്തുകൊണ്ടുവരാന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.



