കേന്ദ്രത്തില്‍ ചെലവ് ചുരുക്കല്‍

Posted on: September 19, 2013 5:00 am | Last updated: September 19, 2013 at 12:00 am

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ച്ചാ നിരക്ക് താഴ്ച രേഖപ്പെടുത്തുകയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വീണ്ടും ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചു.
നികുതി വരുമാനം കുറഞ്ഞാല്‍ സബ്‌സിഡികള്‍ അനുവദിക്കുന്നതിന് തടസ്സമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി. നികുതി വരുമാനത്തില്‍ 10.6 ലക്ഷം കോടി രൂപയും ഓഹരി വില്‍പ്പനയിലൂടെ 40,000 കോടി രൂപയും ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ നികുതി വരുമാനം പ്രതീക്ഷിച്ചത്ര ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ പദ്ധതിയേതര വിഹിതത്തില്‍ പത്ത് ശതമാനം ചെലവ് ചുരുക്കുന്നത്.

നടപടിയുടെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ വകുപ്പുകളില്‍ തത്കാലത്തേക്ക് പുതിയ നിയമനമുണ്ടാകില്ല. സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക അച്ചടക്ക നടപടികള്‍ വിശദീകരിച്ച് ധനമന്ത്രാലയം വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി പി ചിദംബരമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആഭ്യന്തര വിമാനയാത്രകള്‍ ഇക്കണോമി ക്ലാസില്‍ നിജപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സര്‍ക്കാര്‍ സെമിനാറുകള്‍ക്കും വിരുന്നിനും വിലക്കേര്‍പ്പെടുത്തിയതായും ചിദംബരം അറിയിച്ചു. പദ്ധതിയേതര ചെലവുകള്‍ 10 ശതമാനത്തോളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഒഴിവാക്കാനാകാത്ത വിമാനയാത്രകള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടത്താവൂ. വിമാന ടിക്കറ്റെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് മാത്രമേ എടുക്കാവൂവെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നടപടികള്‍ ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പലിശ അടക്കല്‍, പ്രതിരോധ ബജറ്റ്, ശമ്പളം, കടം തിരിച്ചടക്കല്‍, പെന്‍ഷന്‍ ബില്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.
നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ എത്ര കാലത്തേക്കാണ് നടപടിയെന്നും എത്ര തുക ഇതിലൂടെ കണ്ടെത്താനാകുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നില്ല. എന്നാല്‍ പുതിയ നടപടികളിലൂടെ സാമ്പത്തിക അച്ചടക്കം പുലര്‍ത്താനാകുമെന്നും ഇതുമൂലം രൂപയുടെ നില മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ സാമ്പത്തിക ഭദ്രത കൈവരിക്കാനാകുമെന്നും ധനകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നു.
പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം മുമ്പ് പ്രഖ്യാപിച്ച പത്തിന പരിപാടിയില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം ഉറച്ചുനില്‍ക്കുകയാണ്.