Connect with us

National

തടാകത്തിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാര്‍ക്ക് രക്ഷക്കെത്തിയത് കര്‍ണാടക മന്ത്രി

Published

|

Last Updated

ബംഗളൂരു: മന്ത്രിയും പരിവാരങ്ങളും കുതിച്ചോടുന്നതിനിടയില്‍ മിന്നല്‍ വേഗതയില്‍ അവരേയും മറികടന്നോടിയ കാറിലെ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ ആറുപേരെ മരണത്തില്‍ നിന്നും രക്ഷിച്ചത് കര്‍ണാടക മന്ത്രി കിമ്മനെ രത്‌നാകര്‍. ചൊവ്വാഴ്ച കാലത്താണ് സംഭവം. തന്റെ ജന്മദേശമായ തീര്‍ഥഹള്ളിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടയിലാണ് പ്രൈമറി – സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി രത്‌നാകര്‍ മാതൃകാ പുരുഷനായത്.
കാലത്ത് ഏഴ് മണി നേരത്ത് മന്ത്രിയുടെ കാര്‍ ബേഗുവള്ളിയിലെത്തിയപ്പോഴാണ് ഒരു വെള്ള മാരുതി സ്വിഫ്റ്റ് കാര്‍ അവരെ മറികടന്ന് കുതിച്ചോടിയത്. ഏതാണ്ട് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ മന്ത്രി കാണുന്നത് ഒരു കാര്‍ ബേഗുവള്ളി തടാകത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നതാണ്. തങ്ങളുടെ വാഹനത്തെ മറികടന്നോടിയ കാറാണ് അതെന്ന് മന്ത്രി തിരിച്ചറിഞ്ഞു. പിന്നീടൊന്നും ചിന്തിക്കാതെ അദ്ദേഹം ഡ്രൈവര്‍ ചന്ദ്രശേഖറോട് കാര്‍നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അകമ്പടി വാഹനങ്ങളും നിര്‍ത്തി. നേരെ തടാകത്തിലേക്ക് എടുത്തു ചാടിയ മന്ത്രിയും സംഘവും കാറിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കാര്‍ തടാകത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. മന്ത്രിയും മറ്റു നാല് പേരും ചേര്‍ന്ന് കാറിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് മൂന്ന് കുട്ടികളെ രക്ഷിച്ച് കരക്കെത്തിച്ചു. ഉടനെ തിരിച്ചെത്തി കാറിലുണ്ടായിരുന്ന 55കാരിയായ ഒരു സ്ത്രീയടക്കം മൂന്ന് പേരെയും കരയിലെത്തിച്ചു. തീര്‍ത്തും അവശരായിരുന്നവര്‍ക്ക് പരിചരണം നല്‍കാന്‍ മന്ത്രി തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി.
ഉദയകുമാര്‍(40) ഭാര്യ സുമ (35) ഉദയകുമാറിന്റെ അമ്മ ഗീത(55) പിന്നെ പതിനാലും എട്ടും വയസ്സുള്ള പുത്രന്മാരും ഉദയന്റെ മൂന്നു വയസ്സുകാരനായ മരുമകനുമാണ് മന്ത്രിയുടെ സന്മനോഭാവത്താല്‍ ജീവന്‍ തിരിച്ചുകിട്ടിയത്. ഉദയന്‍ ഭദ്രാവതി സ്വദേശിയാണ്. ഇലക്ട്രിക്കല്‍ ഷോപ്പുടമയായ ഇദ്ദേഹം കര്‍ക്കലയില്‍ നിന്ന് മടങ്ങുകയായിരുന്നു. തനിക്കും കുടുംബത്തിനും ഇനിയുള്ളത് പുനര്‍ജന്മമാണെന്ന് ഉദയന്‍ പറഞ്ഞു. മന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest