അപകടത്തില്‍ മരിച്ച വ്യാപാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Posted on: September 18, 2013 8:57 pm | Last updated: September 18, 2013 at 8:57 pm

കാഞ്ഞങ്ങാട്: തിരുവോണനാളില്‍ പുലര്‍ച്ചെ വടകരക്കും മാഹിക്കുമിടയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ബളാല്‍ സ്വദേശിയായ വ്യാപാരിയുടെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തിച്ചു.
ബളാലിലെ മലഞ്ചരക്ക് വ്യാപാരിയായ തേക്കിന്‍കാട്ടില്‍ അവിരാച്ചന്‍ എന്ന അബ്രഹാം മാത്യുവിന്റെ മൃതദേഹമാണ് ബളാളിലെ വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ ബളാല്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. സഹോദരി ആനിയുടെ ഭര്‍തൃമാതാവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് കോട്ടയം ജില്ലയിലെ പാലായില്‍നിന്ന് കുടുംബത്തോടൊപ്പം മടങ്ങുമ്പോള്‍ അവിരാച്ചന്‍ സഞ്ചരിച്ച കാര്‍ വടകരക്കും മാഹിക്കുമിടയില്‍ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍തന്നെ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയോടെ അവിരാച്ചന്‍ മരണപ്പെട്ടു. സഹോദരന്‍ സന്തോഷ്, അവിരാച്ചന്റെ ഭാര്യ ബീന, സഹോദരന്‍ ജോസിന്റെ ഭാര്യ ജെസി എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ബളാല്‍ യൂനിറ്റ് പ്രസിഡന്റാണ് അവിരാച്ചന്‍.